ഡർഹാം മേഖലയിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ലൈംഗിക വ്യാപാരത്തിന് നിർബന്ധിക്കപ്പെട്ടുവെന്ന ആരോപണവുമായി ഒരു സ്ത്രീ പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു പുരുഷനെ തിരയുകയാണെന്നും പൊലീസ് വ്യക്തമാക്കി.
2025 ഫെബ്രുവരിയിൽ ഒഷാവയിൽ വെച്ച് പരാതിക്കാരി ഒരു പുരുഷനെയും സ്ത്രീയെയും കണ്ടുമുട്ടിയതായും, പണത്തിന് പകരമായി ലൈംഗിക തൊഴിൽചെയ്യാൻ ആഴ്ചകളോളം അവളെ നിർബന്ധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണത്തിന് പിന്നാലെ പ്രതികളായ ഒഷാവയിൽ നിന്നുള്ള ടിന ബേക്കർ (46), യെവെനോർഡ് ഹയാസിന്തെ (43) എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ റിറ്റ്സൺ റോഡ് നോർത്തിനും സമീപത്ത് നിന്ന് ജൂലൈ 3 ന് ബേക്കറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മനുഷ്യക്കടത്ത്, നിർബന്ധിത തടങ്കൽ, പിടിച്ചുപറി, ആക്രമണം, കവർച്ച തുടങ്ങി നിരവധി കുറ്റങ്ങൾ ബേക്കറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹയാസിന്തെയ്ക്കെതിരെ സമാനമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും ഇയാൾ ഇപ്പോഴും ഒളിവിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.



