ദുബായ്: ഭരണനിർവഹണത്തിലും പൊതുജന സേവനങ്ങളിലും സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി പുതിയ നിയമ പരിഷ്കരണവുമായി ദുബായ്. സർക്കാർ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ബാധകമായ നിയമലംഘനങ്ങളും അവയ്ക്കുള്ള ശിക്ഷാ നടപടികളും സംബന്ധിച്ച 2026-ലെ ആറാം നമ്പർ നിയമത്തിന് യുഎഇ ഉപപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. നിയമലംഘനങ്ങളെ അവയുടെ ഗൗരവമനുസരിച്ച് തരംതിരിച്ചും ശിക്ഷാ നടപടികളിൽ വ്യക്തത വരുത്തിയുമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം അധികാര ദുർവിനിയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ ചട്ടക്കൂട് രൂപീകരിച്ചിരിക്കുന്നത്. ലംഘനങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് ചെറുത്, ഇടത്തരമായത്, ഗുരുതരമായത് എന്നിങ്ങനെ മൂന്നായി തരംതിരിക്കും. ഓരോ വിഭാഗത്തിനും കൃത്യമായ പിഴയും നടപടികളും നിശ്ചയിച്ചിട്ടുണ്ട്. നിയമവാഴ്ച കർശനമാക്കുന്നതിലൂടെ നഗരത്തിന്റെ സുരക്ഷയും സമാധാനവും കൂടുതൽ കരുത്തുറ്റതാക്കുകയാണ് ദുബായ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് അധികാരമുണ്ടാകും. പിഴ ചുമത്തുന്നതിന് മുൻപോ ശേഷമോ സാഹചര്യങ്ങൾ തിരുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകാം. എന്നാൽ ഗൗരവകരമായ ലംഘനങ്ങൾക്ക് സ്ഥാപനങ്ങൾ ആറുമാസം വരെ താൽക്കാലികമായോ അല്ലെങ്കിൽ സ്ഥിരമായോ അടച്ചുപൂട്ടാൻ ഉത്തരവിടാം. കൂടാതെ, വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകിയിട്ടുള്ള ലൈസൻസുകളും പെർമിറ്റുകളും റദ്ദാക്കാനും നിയമലംഘനവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളും ഇടപാടുകളും തടയാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
ശിക്ഷാ നടപടികൾ പ്രഖ്യാപിക്കുന്നതിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കണമെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. ഒരു നിയമലംഘനം നടന്നാൽ അത് കൃത്യമായി നിർവചിക്കപ്പെടണം. ലംഘനത്തിന്റെ ആവർത്തന സ്വഭാവം, അത് മനഃപൂർവ്വമാണോ എന്ന കാര്യം എന്നിവ പരിഗണിച്ചായിരിക്കും അന്തിമ ശിക്ഷ തീരുമാനിക്കുക. ശിക്ഷാ നടപടികൾ പരസ്യപ്പെടുത്തുന്നതിന് മുൻപ് ബന്ധപ്പെട്ട സ്ഥാപന മേധാവികളുടെ അംഗീകാരം നേടുകയും ദുബായ് മീഡിയ ഓഫീസുമായി ഏകോപിപ്പിക്കുകയും വേണം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ ഇതുമായി ബന്ധപ്പെട്ട പഴയ നിയമങ്ങൾ റദ്ദാക്കപ്പെടും.
dubai-ruler-approves-new-law-on-violations-and-fines
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



