ദുബായ്: തടസ്സപ്പെട്ട വിമാന സർവീസുകൾ പുനഃസ്ഥാപിച്ചുകൊണ്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങൾ ഭാഗികമായി പുനരാരംഭിച്ചു. തിങ്കളാഴ്ച (മാർച്ച് 2) വൈകുന്നേരത്തോടെയാണ് വിമാനങ്ങൾ വീണ്ടും പറന്നുയർന്നു തുടങ്ങിയത്. നിയന്ത്രിത സാഹചര്യത്തിൽ ഏതാനും സർവീസുകൾക്ക് മാത്രമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി കൂടുതൽ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഞായറാഴ്ച പുറപ്പെടുവിച്ച ട്രാവൽ അഡ്വൈസറി പ്രകാരം, വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ തെരഞ്ഞെടുത്ത വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിമാനത്താവളങ്ങളിൽ പുരോഗമിക്കുകയാണ്. എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർക്ക് ദുബായ് എയർപോർട്ട് അതോറിറ്റി കൃത്യമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എയർലൈനുകളിൽ നിന്ന് നേരിട്ട് സന്ദേശം ലഭിക്കാത്ത പക്ഷം യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് എത്തരുതെന്നാണ് കർശന നിർദ്ദേശം. വിമാനത്തിന്റെ പുറപ്പെടൽ സമയം സ്ഥിരീകരിച്ചവർക്ക് മാത്രമേ വിമാനത്താവളത്തിനകത്തേക്ക് പ്രവേശനം അനുവദിക്കൂ. അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലെ അപ്രതീക്ഷിത തടസ്സങ്ങളെത്തുടർന്ന് ദുബായിൽ കുടുങ്ങിയ ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. സർവീസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. സാഹചര്യം വിലയിരുത്തിയ ശേഷം വരും മണിക്കൂറുകളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ സജ്ജമാണെന്നും ദുബായ് എയർപോർട്ട്സ് അറിയിച്ചു.
dubai-abu-dhabi-attack-airspace-closure-burj-al-arab-jebel-ali-port-live-news-updates
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



