ന്യൂഡൽഹി: ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്.
ആക്രമണത്തിൽ ആകെ 11 പേർക്ക് പരിക്കേറ്റതായും ഇതിൽ പത്ത് പേരും ഇന്ത്യക്കാരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ അഞ്ചുപേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള അഞ്ചുപേർ നിലവിൽ ഒമാനിലെ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അസീം മഹാജൻ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇറാഖിലെ ബസ്രയ്ക്ക് സമീപം ആക്രമിക്കപ്പെട്ട ‘സേഫ്‌സീ വിഷ്ണു’ എന്ന കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഈ കപ്പലിൽ വെച്ച് കൊല്ലപ്പെട്ട ഇന്ത്യൻ ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Drone attack in Oman: Two Indians killed, 11 injured



