തിരുവനന്തപുരം: മലയാള സിനിമയിലെ റെക്കോർഡ് വിജയമായ ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്ത് ആശിർവാദ് സിനിമാസ്. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രം വാഴകൾക്കിടയിൽ നിൽക്കുന്ന നിഗൂഢത നിറഞ്ഞ പോസ്റ്ററാണ് നിർമ്മാതാക്കൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഏപ്രിൽ രണ്ടിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
മുൻ ഭാഗങ്ങളിലെപ്പോലെ നിഗൂഢത നിലനിർത്തുന്നതാണ് പുതിയ പോസ്റ്ററും. ‘വർഷങ്ങൾ കടന്നുപോയി, എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന അടിക്കുറിപ്പോടെ മോഹൻലാൽ നേരത്തെ പങ്കുവെച്ച മോഷൻ പോസ്റ്ററിന് പിന്നാലെയാണ് പുതിയ ചിത്രവും എത്തിയത്. ഏപ്രിൽ രണ്ടിന് തന്നെ ‘വാഴ 2’ എന്ന ചിത്രവും റിലീസ് ചെയ്യുന്നതിനാൽ, പുതിയ പോസ്റ്ററിലെ വാഴകളുടെ സാന്നിധ്യം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ് തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ ആഗോള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് വിനു തോമസും അനിൽ ജോൺസണുമാണ് സംഗീതം നൽകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t
New poster raises mystery; 'Time to dig the next hole'; Drishyam 3 is a topic of discussion


