ഹാർബർ ഗ്രേസ്: നഗരത്തിൽ ഒരാഴ്ചയായി നിലനിന്നിരുന്ന കുടിവെള്ള നിയന്ത്രണം നഗരസഭ പിൻവലിച്ചു. ജലവിതരണ ശൃംഖലയിൽ നിന്നുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് താമസക്കാർക്ക് ടാപ്പ് വെള്ളം ഉപയോഗിക്കാൻ അനുമതി നൽകിയത്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നഗരസഭ നടത്തിയത്. പരിശോധനകൾ വേഗത്തിലാക്കാൻ സഹായിച്ച പ്രവിശ്യാ ഭരണകൂടത്തിന് ഹാർബർ ഗ്രേസ് മേയർ ടെറി ബാർൻസ് നന്ദി അറിയിച്ചു.
ജനുവരി 25-ന് നഗരത്തിലെ പൈപ്പുകളിൽ ഉണ്ടായ ചോർച്ചയെ തുടർന്നാണ് കുടിവെള്ള വിതരണം തടസ്സപ്പെട്ടത്. വാട്ടർ സ്ട്രീറ്റിൽ ഉണ്ടായ ചോർച്ച പരിഹരിച്ച് ജലവിതരണം പുനഃസ്ഥാപിച്ചപ്പോൾ പൈപ്പിലൂടെ എത്തിയ വെള്ളത്തിന് എണ്ണയുടെ ഗന്ധം അനുഭവപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് മുൻകരുതൽ നടപടിയായി നഗരസഭ കുടിവെള്ള ഉപയോഗത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു. പൈപ്പുകൾ അറ്റകുറ്റപ്പണി നടത്തുമ്പോൾ ശുദ്ധജല പ്രവാഹം തടസ്സപ്പെടുന്നതും പിന്നീട് വെള്ളം തുറന്നുവിടുമ്പോൾ അവശിഷ്ടങ്ങൾ എത്തുന്നതുമാണ് പ്രശ്നത്തിന് കാരണമായതെന്ന് മേയർ വിശദീകരിച്ചു.
കുടിവെള്ളത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്ന കാലയളവിൽ നഗരസഭയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു. ഏകദേശം 3,800 കെയ്‌സ് കുപ്പിവെള്ളമാണ് ഈ ദിവസങ്ങളിൽ വിതരണം ചെയ്തത്. പൈപ്പുകൾ പൂർണ്ണമായും ശുദ്ധീകരിക്കുകയും ജലസാമ്പിളുകൾ ലബോറട്ടറിയിൽ അയച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് നിലവിൽ നിയന്ത്രണം നീക്കിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Drinking water restrictions lifted in Harbor Grace; tap water is now safe



