ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച മൾട്ടി-ലെയേർഡ് എയർ ഡിഫൻസ് ഷീൽഡിന്റെ പരീക്ഷണമാണ് നടന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12:30-നാണ് പരീക്ഷണം നടന്നത്. മൂന്ന് തദ്ദേശീയ ആയുധങ്ങൾ സംയോജിപ്പിച്ചാണ് ഇത് നടത്തിയത്. ക്വിക്ക് റിയാക്ഷൻ സർഫേസ്-ടു-എയർ മിസൈൽ (QRSAM), വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS), ഹൈ-പവർ ലേസർ ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) എന്നിവ ഇതിനായി ഉപയോഗിച്ചു.
ഈ സംയോജിത വ്യോമപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറി (DRDL) നിർമ്മിച്ച കേന്ദ്രീകൃത കമാൻഡ്-ആൻഡ്-കൺട്രോൾ സെന്ററാണ്. വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റവും ഹൈ-പവർ ലേസർ ഡയറക്റ്റഡ് എനർജി വെപ്പണും വികസിപ്പിച്ചത് റിസർച്ച് സെന്റർ ഇമാറാത്ത് (RCI), സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് (CHESS) എന്നിവ ചേർന്നാണ്.
രണ്ട് അതിവേഗ ഫിക്സഡ്-വിങ് യു.എ.വി.കളും ഒരു മൾട്ടി-കോപ്റ്റർ ഡ്രോണുമാണ് പരീക്ഷണത്തിൽ ലക്ഷ്യങ്ങളായി ഉപയോഗിച്ചത്. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ഫ്ലൈറ്റ് ഡാറ്റ ശേഖരിക്കുകയും പരീക്ഷണത്തിന്റെ വിജയം സ്ഥിരീകരിക്കുകയും ചെയ്തു. പരീക്ഷണത്തിന് മുതിർന്ന ഡി.ആർ.ഡി.ഒ. ശാസ്ത്രജ്ഞരും സായുധ സേനാ പ്രതിനിധികളും സാക്ഷ്യം വഹിച്ചു.
തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മൾട്ടി-ലെയേർഡ് വ്യോമപ്രതിരോധ കവചം സൃഷ്ടിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണിതെന്ന് ഡി.ആർ.ഡി.ഒ. ചെയർമാനും പ്രതിരോധ ഗവേഷണ-വികസന സെക്രട്ടറിയുമായ ഡോ. സമീർ വി. കാമത്ത് അഭിപ്രായപ്പെട്ടു. ഈ വിജയം ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്.



