കൊല്ലം: കേരളത്തെ നടുക്കിയ ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി. കേസിൽ കോടതി വിധി പ്രസ്താവിച്ചതായും പ്രതിക്കുള്ള ശിക്ഷാവിധി ഈ മാസം 19-ന് പ്രഖ്യാപിക്കുമെന്നും ജഡ്ജി അറിയിച്ചു.
2023 മെയ് 10-ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കാലിന് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കായി പോലീസ് എത്തിച്ച കുടുവട്ടൂർ സ്വദേശി സന്ദീപ്, ആശുപത്രിയിലെ സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന വന്ദന, പരിശീലനത്തിന്റെ ഭാഗമായാണ് താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്നത്. കടുത്തുരുത്തി സ്വദേശികളായ കെ.ജി മോഹൻദാസിന്റേയും വസന്തകുമാരിയുടേയും ഏക മകളായിരുന്നു വന്ദന.
സംഭവദിവസം തന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ് സന്ദീപ് തന്നെയായിരുന്നു എമർജൻസി നമ്പറിൽ വിളിച്ച് പോലീസിനെ വരുത്തിയത്. തുടർന്ന് കാലിലെ മുറിവ് കെട്ടാനായി ആശുപത്രിയിലെത്തിച്ചപ്പോൾ ഇയാൾ അക്രമാസക്തനാവുകയും പോലീസുകാരെയും ജീവനക്കാരെയും ആക്രമിച്ച ശേഷം ഡോക്ടറെ മാരകമായി കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വന്ദന അന്തരിച്ചത്. പ്രതി ഒരു സ്കൂൾ അധ്യാപകനായിരുന്നിട്ടും ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതിനാൽ ഇയാൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Dr. Vandana Das murder case: Accused Sandeep found guilty; sentencing on March 19



