വിയറ്റ്നാമിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോംഗ് ബേയിൽ മോശം കാലാവസ്ഥയെ തുടർന്ന് വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. രാജ്യത്തിന്റെ തലസ്ഥാനമായ ഹാനോയിയിൽ നിന്നുള്ള വിയറ്റ്നാമീസ് കുടുംബങ്ങളാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. കനത്ത മഴ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും ഇതുവരെ 11 പേരെ ജീവനോടെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചു.
53 പേരുമായി പോയ “വണ്ടർ സീസ്” എന്ന ബോട്ട് പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽ അകപ്പെട്ടാണ് മറിഞ്ഞതെന്ന് വിയറ്റ്നാമീസ് ബോർഡർ ഗാർഡുകളും നാവികസേനയും അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആകാശം ഇരുണ്ടുകൂടുകയും, കാൽവിരലിന്റെ അത്രയും വലുപ്പമുള്ള ആലിപ്പഴവും കനത്ത മഴയും ഇടിയും മിന്നലുമുണ്ടായി എന്നുമാണ് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. തലകീഴായി മറിഞ്ഞ ബോട്ടിന്റെ ഉള്ളിൽ ഒരു എയർ പോക്കറ്റിൽ കുടുങ്ങിയ 10 വയസ്സുകാരനെ രക്ഷപ്പെടുത്തി.
കണ്ടെടുത്ത മൃതദേഹങ്ങളിൽ എട്ടെണ്ണമെങ്കിലും കുട്ടികളുടേതാണെന്ന് വിഎൻഎക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം രാത്രിയും തുടരും. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി ഫാം മിൻ ചിൻ അനുശോചനം അറിയിച്ചു. അപകടകാരണം അന്വേഷിക്കുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. നൂറുകണക്കിന് ചെറിയ ദ്വീപുകളാൽ നിറഞ്ഞ ക്വാങ് നിൻ പ്രവിശ്യയിലെ ഹാ ലോംഗ് ബേ യുനെസ്കോ ലോക പൈതൃക കേന്ദ്രമാണ്. 2019-ൽ 4 ദശലക്ഷം വിനോദസഞ്ചാരികളെയാണ് ഇവിടം ആകർഷിച്ചത്.



