ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാരസമ്മര്‍ദത്തിലൂടെയുള്ള തന്റെ നയതന്ത്രസമീപനം ഒരു ആണവയുദ്ധം ഒഴിവാക്കാന്‍ സഹായകമായെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയുമായും പാകിസ്ഥാനുമായും നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും അതിനാല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് താന്‍ ഇരുരാജ്യങ്ങളോടും പറഞ്ഞതെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. വെടിനിര്‍ത്തലിലേക്കെത്തിയ സാഹചര്യത്തില്‍ യുഎസ് ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍ തയ്യാറാണെന്നും വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു.
‘ഞങ്ങള്‍ വെടിനിർത്തലിൽ ഇരുരാജ്യങ്ങളെയും സഹായിച്ചു. വ്യാപാരത്തിലും അവരെ സഹായിച്ചു. നിങ്ങള്‍ ഈ പ്രശ്‌നം അവസാനിപ്പിച്ചാൽ ഞങ്ങള്‍ നിങ്ങളുമായി വ്യാപാരം ചെയ്യുമെന്ന് അവരെ അറിയിച്ചു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍, ഞങ്ങള്‍ ഒരു വ്യാപാരവും ചെയ്യില്ലെന്നും പറഞ്ഞു. അതോടെ ഇരുരാജ്യങ്ങളും വെടിനിർത്തലിനു സമ്മതിച്ചു’, ഇങ്ങനെയായിരുന്നു ട്രംപിന്റെ പ്രസ്താവന.ഇന്ത്യ-പാക് സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് എത്തുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഇത് തങ്ങള്‍ ഇടപെട്ട് ഒഴിവാക്കിയെന്നാണ് ട്രംപിന്റെ അവകാശവാദം.
‘ഒരു ആണവയുദ്ധമാണ് ഞങ്ങള്‍ അവസാനിപ്പിച്ചത്. ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നുവെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. അത് കൊണ്ട് തന്നെ എനിക്ക് അഭിമാനമുണ്ട്.’, ട്രംപ് അവകാശപ്പെട്ടു.
ഇരുരാജ്യങ്ങളുടെ നേതൃത്വങ്ങളെയും ഡോണണ്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദിച്ചു. ഇന്ത്യയ്ക്കും പാകിസ്ഥാനും ശക്തമായതും ദൃഢമായതുമായ നേതൃത്വമാണുള്ളത്. പക്ഷേ, രണ്ടുപേരും അചഞ്ചലരായിരുന്നു. എന്നാല്‍, സാഹചര്യത്തിന്റെ ഗൗരവം പൂര്‍ണമായി മനസിലാക്കാനുള്ള കരുത്തും വിവേകവും ധൈര്യവും അവര്‍ക്കുണ്ടായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.



