മുതിർന്ന പൗരന്മാർക്ക് വീടുകളിൽ വെച്ച് തന്നെ പരിചരണം നൽകുന്ന ‘കമ്മ്യൂണിറ്റി പാരാമെഡിസിൻ ഫോർ ലോങ്-ടേം കെയർ (CPLTC)’ പദ്ധതി സ്ഥിരമാക്കുന്നതിനായി 89 ദശലക്ഷം ഡോളർ ചെലവഴിക്കാൻ ഒന്റാറിയോ പ്രവിശ്യാ ഗവൺമെൻ്റ്. 2020-ൽ ആരംഭിച്ച ഈ പദ്ധതി, അടിയന്തരമല്ലാത്ത വൈദ്യസഹായം ആവശ്യമുള്ള മുതിർന്ന പൗരന്മാർക്ക് 24/7 സേവനം നൽകിവരുന്നു. രോഗനിർണയ പരിശോധനകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇതിൽ ലഭ്യമാണ്. ആശുപത്രികളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനും, ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാതെ തടയാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
പുതിയ ഫണ്ട് ഉപയോഗിച്ച് പദ്ധതിയുടെ സേവനങ്ങൾ ഫസ്റ്റ് നേഷൻസ് വിഭാഗക്കാർക്കിടയിലേക്കും വ്യാപിപ്പിക്കും. ഇൻഡിപെൻഡൻ്റ് ഫസ്റ്റ് നേഷൻസ് അലയൻസ് വഴി അടുത്തിടെ അംഗീകാരം നേടിയ പാരാമെഡിക് സേവനവും ഇതിന്റെ ഭാഗമാകും. “വടക്കൻ, വിദൂര മേഖലകളിലെ ഫസ്റ്റ് നേഷൻസ് ഉൾപ്പെടെയുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവർക്കാവശ്യമായ പരിചരണം സ്വന്തം വീടുകളിൽ വെച്ച് തന്നെ ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു,” തദ്ദേശീയകാര്യ മന്ത്രി ഗ്രെഗ് റിക്ക്ഫോർഡ് പ്രസ്താവനയിൽ പറഞ്ഞു.
2020-ൽ പദ്ധതി ആരംഭിച്ചതുമുതൽ 81,000-ത്തിലധികം ആളുകൾക്ക് സേവനം ലഭിച്ചിട്ടുണ്ട്. ദീർഘകാല പരിചരണത്തിനായി കാത്തിരിക്കുന്നവർ, അതിന് അർഹതയുണ്ടായിട്ടും പട്ടികയിൽ പേര് ചേർക്കാത്തവർ, അല്ലെങ്കിൽ ഉടൻ അർഹത നേടുന്നവർ എന്നിവർക്ക് ഈ പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാകും. മുതിർന്നവരുടെ ആരോഗ്യ സംരക്ഷണം കൂടുതൽ മെച്ചപ്പെടുത്താനും ആശുപത്രികളിൽ ഉണ്ടാകുന്ന തിരക്ക് കുറക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
Doctor visits home, project for senior citizens; Ontario allocates $89 million



