ടൊറന്റോ : ടൊറന്റോ നഗരത്തിലെ പാർക്കുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കണമെന്നും കൂടുതൽ ഭക്ഷണ-പാനീയ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കൗൺസിലർ ജോഷ് മാത്‌ലോവ് രംഗത്തെത്തി. നിലവിലെ പല നിയമങ്ങളും കാലഹരണപ്പെട്ടതും അനാവശ്യമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർക്കുകളിൽ ചെറുകിട കഫേകൾ, കിയോസ്കുകൾ തുടങ്ങിയവ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
ഒരു നിവാസി പങ്കുവെച്ച ഫോട്ടോയിൽ, അനുമതിയില്ലാതെ പിക്‌നിക് നടത്തുന്നത്, സംസാരിച്ചിരിക്കുന്നത്, പന്തുകളി നടത്തുന്നത് തുടങ്ങിയവ നിരോധിക്കുന്ന ബോർഡ് കാണിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഈ നിയന്ത്രണങ്ങൾ 25 പേർക്ക് മേൽ ഉള്ള സംഘങ്ങൾക്ക് മാത്രമാണെങ്കിലും, അതെ കുറിച്ചുള്ള സൂചന ബോർഡിൽ ഇല്ല. ചില നിയമങ്ങൾ പ്രകാരം കുട്ടികൾക്ക് അനുമതിയില്ലാതെ മരത്തിൽ കയറുന്നതു പോലും നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളുടെ ആസ്വാദനത്തെ ഇത്തരം നിയമങ്ങൾ നിരുത്സാഹപ്പെടുത്തുന്നുവെന്നും, പ്രത്യേകിച്ച് സ്വന്തമായി വീട്ടുവളപ്പില്ലാത്തവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മാത്‌ലോവ് പറഞ്ഞു.
“പുതുതായി നമ്മുടെ നഗരത്തിലേക്ക് കുടിയേറുന്നവർ നിയമങ്ങൾ പാലിക്കാൻ ആഗ്രഹിക്കുന്നവരാണ്, എന്നാൽ അതേസമയം കുടുംബ സംഗമങ്ങൾ പാർക്കുകളിൽ നടത്താനും അവർ ആഗ്രഹിക്കുന്നു. നമ്മുടെ നിയമങ്ങൾ കൂടുതൽ പ്രശംസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണം,” എന്ന് മാത്‌ലോവ് പറഞ്ഞു. ദേശീയ അഡ്വക്കസി ഗ്രൂപ്പായ ‘Park People’ ഈ നിയമപരിഷ്കരണ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്. നിയമപരിഷ്കരണത്തിനുള്ള പ്രമേയം ഈ ആഴ്ച നടക്കുന്ന നഗരസഭാ യോഗത്തിൽ ചർച്ച ചെയ്യും.



