യു.എസ്: യുണൈറ്റഡ് സ്റ്റേറ്റ്സ് ഡൈവേഴ്സിറ്റി വിസ ലോട്ടറിയിൽ (ഗ്രീൻ കാർഡ് ലോട്ടറി) അപേക്ഷിക്കുന്നതിൽ നിന്ന് 2028 വരെ ഇന്ത്യക്കാരെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. രാജ്യത്തെ ജനസംഖ്യാപരമായ വൈവിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് സർക്കാർ ഈ പ്രമുഖ വിസ പ്രോഗ്രാമിൽ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അമേരിക്കയിലേക്ക് ഏറ്റവും കുറവ് കുടിയേറ്റ നിരക്കുള്ള രാജ്യങ്ങളിലെ അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനാണ് ഡൈവേഴ്സിറ്റി വിസയിൽ ഇത്തവണ അവസരം നൽകുന്നത്.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 50,000-ൽ താഴെ കുടിയേറ്റക്കാർ അമേരിക്കയിൽ എത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ ഗ്രീൻ കാർഡ് ലോട്ടറിക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ഈ പരിധി മറികടന്നതാണ് വിലക്കിന് പ്രധാന കാരണം.
2021-ൽ മാത്രം 93,450 പേരാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയത്. 2022-ൽ ഇത് 127,010 ആയി ഉയർന്നു. സൗത്ത് അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള മൊത്തം കുടിയേറ്റത്തേക്കാൾ ഉയർന്ന നിരക്കാണിത്. 2023-ൽ 78,070 ഇന്ത്യക്കാർ കുടിയേറിയതോടെയാണ് 2028 വരെ അപേക്ഷിക്കാനുള്ള യോഗ്യത ഇന്ത്യക്കാർക്ക് നഷ്ടമായത്.
ഇന്ത്യയെ കൂടാതെ, 2026-ലെ ഗ്രീൻ കാർഡ് ലോട്ടറിക്ക് അപേക്ഷിക്കാൻ കഴിയാത്ത രാജ്യങ്ങളുടെ പട്ടികയിൽ ചൈന, സൗത്ത് കൊറിയ, കാനഡ, പാകിസ്ഥാൻ എന്നിവയും ഉൾപ്പെടുന്നു. ഗ്രീൻ കാർഡ് അപേക്ഷകളിൽ പുതിയ പരിധികൾ വന്നതോടെ, നിലവിൽ അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വീണ്ടും തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. അതേസമയം, യോഗ്യതയുള്ള മറ്റ് രാജ്യങ്ങൾക്കായുള്ള പുതിയ വിസ അലോക്കേഷനുകൾ അധികൃതർ പ്രഖ്യാപിച്ചു കഴിഞ്ഞു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
US temporarily bans Indians from the Diversity Visa Program; Here’s the reason!



