ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസിനിടെ 26 വയസ്സുകാരനായ ഒരു യുവാവിന് ദാരുണാന്ത്യം. വൈദ്യുതി നിലച്ചതാണ് മരണകാരണം. യുവാവിന്‍റെ അമ്മ പറയുന്നത്, വൈദ്യുതി പോയപ്പോൾ ഡയാലിസിസ് മെഷീൻ നിന്നുപോയെന്നും മകന്‍റെ പകുതിയോളം രക്തം മെഷീനിൽ കുടുങ്ങിയെന്നുമാണ്. മെഡിക്കൽ സെന്ററുകളിൽ വൈദ്യുതി നിലച്ചാൽ ബാക്കപ്പ് ഉണ്ടാവാറുണ്ട്. എന്നാൽ ഈ ആശുപത്രിയിലെ ജനറേറ്ററിൽ ഡീസൽ ഉണ്ടായിരുന്നില്ല.
വൈദ്യുതി പോയ സമയത്ത് ആശുപത്രിയിൽ ഒരു പരിശോധന നടക്കുന്നുണ്ടായിരുന്നു. ജനറേറ്ററിന് ഡീസൽ നൽകേണ്ട കരാറുകാർ ഡീസൽ എത്തിച്ചില്ലെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. സിഡിഒ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ അഞ്ച് രോഗികൾ വൈദ്യുതിയും വെളിച്ചവുമില്ലാതെ കിടക്കുന്നത് കണ്ടിരുന്നുവെന്നും എന്നാൽ, മെഷീനിൽ വലിയ അളവിൽ രക്തം കുടുങ്ങാൻ സാധ്യതയില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
സാധാരണയായി 200 മുതൽ 250 മില്ലി ലിറ്റർ രക്തം മാത്രമാണ് ഒരു സമയം മെഷീനിലൂടെ കടന്നുപോകുന്നത്. എങ്കിലും, പെട്ടന്നുള്ള വൈദ്യുതി തകരാർ ഗുരുതരാവസ്ഥയിലുള്ള രോഗികളെ അപകടത്തിലാക്കും. 2020 മുതൽ ഡയാലിസിസ് യൂണിറ്റ് നടത്തുന്ന സഞ്ജീവനി എന്ന സ്വകാര്യ സ്ഥാപനമാണ് ഡീസൽ നൽകാത്തതിന് ഉത്തരവാദിയെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഡിഎം ജസ്ജിത് കൗർ ആശുപത്രി സന്ദർശിച്ചു. ഡയാലിസിസ് യൂണിറ്റിന്റെ രേഖകൾ പിടിച്ചെടുത്തു. ഏജൻസിക്കെതിരെ കേസെടുക്കുമെന്ന് അവർ അറിയിച്ചു.



