നടൻ എന്നതിലുപരി മോഹൻലാൽ എന്ന വ്യക്തിയുടെ മഹത്വം എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നില്ല എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. മോഹൻലാൽ ഫാൻസ് അസോസിയേഷൻ വിദേശത്ത് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. തന്റെ അച്ഛൻ ശ്രീനിവാസൻ ‘ഹൃദയപൂർവം’ എന്ന സിനിമയുടെ സെറ്റിൽ എത്തിയപ്പോൾ മോഹൻലാലിനോട് നേരിട്ട് മാപ്പ് പറഞ്ഞ സംഭവത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.
“മോഹൻലാൽ എന്ന നടനെപ്പോലെ ആകാൻ നമുക്ക് കഴിയില്ലെങ്കിലും, ശ്രമിച്ചാൽ അദ്ദേഹം പോലൊരു മനുഷ്യനാകാൻ നമുക്ക് സാധിക്കും. നടനെന്നതിലുപരി, മോഹൻലാൽ എന്ന വ്യക്തിയെ എന്തുകൊണ്ട് ആളുകൾ ആഘോഷിക്കുന്നില്ലെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്,” — ധ്യാൻ പറഞ്ഞു.
“ഒരു ഇന്റർവ്യൂവിൽ അച്ഛൻ ലാലിനോട് കുറെ വിമർശനപരമായ വാക്കുകൾ പറഞ്ഞപ്പോൾ, ഞാൻ വേറൊരു അഭിമുഖത്തിൽ അതിന് മറുപടി പറഞ്ഞിരുന്നു. മോഹൻലാൽ പലവിധ വിമർശനങ്ങളും കേട്ടിട്ടുള്ള ആളാണ്. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ സമയത്ത് തന്നെ അദ്ദേഹം പറഞ്ഞിരുന്നു, ‘മോഹൻലാലിനെ നാം വാനോളം പുകഴ്ത്തിയിട്ടുണ്ട്, ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ട്’. എന്നാൽ അതിനൊന്നും ഇന്നുവരെ അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. അത്രയേറെ സഹനവും മനസ്സിലാക്കലുമുള്ള വ്യക്തിയാണ് അദ്ദേഹം.”
“‘ഹൃദയപൂർവം’ സെറ്റിൽ കുറെ വർഷങ്ങൾക്ക് ശേഷം അച്ഛൻ മോഹൻലാലിനെ കണ്ടപ്പോൾ, ‘ഞാൻ പറഞ്ഞതിൽ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം’ എന്ന് പറഞ്ഞു. അതിന് ലാൽ സാർ ഒരു ചിരിയോടെ ‘ശ്രീനി, അതൊക്കെ വിടെടോ’ എന്ന് മറുപടി നൽകി. അത്തരമൊരു മനസ് ലോകത്ത് മറ്റാർക്കും ഉണ്ടാകില്ല,” ധ്യാൻ പറഞ്ഞു.
“ഒരിക്കലെങ്കിലും അച്ഛനെയും മോഹൻലാലിനെയും ഒരുമിച്ച് എന്റെ സിനിമയിൽ അഭിനയിപ്പിക്കണമെന്നത് എന്റെ വലിയ ആഗ്രഹമാണ്,” എന്നും ധ്യാൻ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Dhyan Sreenivasan about Mohanlals personality



