കൊച്ചി: ‘പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷൻ, മൂഡ് സ്വിങ്‌സ് എന്നൊക്കെ പറയുന്നത്’ എന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടി കൃഷ്ണപ്രഭ രംഗത്ത്. താൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്നും ഈ കോലാഹലം ഉണ്ടാക്കുന്നവർ അഭിമുഖം മുഴുവൻ കണ്ടിട്ടില്ലെന്നും നടി റിപ്പോർട്ടർ നെറ്റ്‌വര്‍ക്കിനോട് പറഞ്ഞു. ചിലർ തൻ്റെ വീഡിയോ ‘കീറിമുറിച്ച്’ (എഡിറ്റ് ചെയ്ത്) റീച്ചിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും, പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി. മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചത്.
ഡിപ്രഷൻ, ഓവർ തിങ്കിങ്, മൂഡ് സ്വിങ്‌സ് എന്നീ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ ആയുള്ളൂ എന്നും, വെറുതെയിരിക്കാതെ ജോലി ചെയ്യണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും കൃഷ്ണപ്രഭ വിശദീകരിച്ചു. “ആരും വെറുതെ ഇരിക്കരുതെന്നാണ് ഞാൻ പറഞ്ഞത്. മനുഷ്യന്റെ മനസ്സല്ലേ, അത് പിന്നീട് ഓവർ തിങ്കിങ്ങും മൂഡ് സ്വിങ്‌സും ആകും. ഞാൻ ശാസ്ത്രത്തെ ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല. പല കാര്യങ്ങളിലും ഓവർ അഡിക്ഷൻ ആയതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രശ്നങ്ങളെ ഊതി പെരുപ്പിച്ച് വലുതാക്കരുത്,” നടി കൂട്ടിച്ചേർത്തു.
കൃഷ്ണപ്രഭയുടെ പരാമർശത്തെ വിമർശിച്ച് സിനിമ, സംഗീത മേഖലകളിലെ പ്രമുഖരടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. തനിക്കും സമാനമായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും, അറിയാത്ത വിഷയങ്ങളെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയരുതെന്നും ഗായിക അഞ്ചു ജോസഫ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.
കൃഷ്ണപ്രഭയെ പോലുള്ളവരുടെ അശാസ്ത്രീയമായ അഭിപ്രായങ്ങളാണ് പലരെയും ചികിത്സ തേടുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നതെന്നും, അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് വിവരക്കേടുകൾ വിളിച്ചുപറയുന്നതിന് മുൻപ് ചിന്തിക്കണമെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു. ജോലിയും കൂലിയും ഇല്ലാത്തവർക്ക് മാത്രമല്ല ഡിപ്രഷൻ ഉണ്ടാകുന്നത് എന്ന വിമർശനവും ശക്തമാണ്. തൻ്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിലും, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും, വീഡിയോ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് തൻ്റെ വിമർശനമെന്നും കൃഷ്ണപ്രഭയുടെ പ്രതികരണം വ്യക്തമാക്കുന്നു.



