ഡൽഹി: ഡൽഹി രാഷ്ട്രീയത്തെ വർഷങ്ങളായി ഉലച്ചുകൊണ്ടിരുന്ന മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി. ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഈ സുപ്രധാന വിധി. ആയിരക്കണക്കിന് പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിട്ടും ആരോപണങ്ങൾ തെളിയിക്കുന്ന ഒരൊറ്റ സാക്ഷിമൊഴിയോ തെളിവോ ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേജ്‌രിവാളിനും സിസോദിയയ്ക്കും പുറമെ ബിആർഎസ് നേതാവ് കെ. കവിത അടക്കം പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23 പേരെയും കോടതി വെറുതെ വിട്ടു.
വിധിക്ക് പിന്നാലെ കോടതി സമുച്ചയത്തിന് മുന്നിൽ മാധ്യമങ്ങളെ കണ്ട അരവിന്ദ് കേജ്‌രിവാൾ വികാരാധീനനായി പൊട്ടിക്കരഞ്ഞു. സത്യം എപ്പോഴും വിജയിക്കുമെന്നും താൻ അഴിമതിക്കാരനല്ലെന്ന് ഇന്ന് കോടതിയിലൂടെ ലോകം അറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന് കെട്ടിച്ചമച്ച രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ഈ കേസെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനയിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു എന്ന് മനീഷ് സിസോദിയയും പ്രതികരിച്ചു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിധി കേട്ട് വീട്ടിലെത്തിയ കേജ്‌രിവാളിനെ ഭാര്യ സുനിത കേജ്‌രിവാൾ വികാരാധീനയായാണ് സ്വീകരിച്ചത്. സത്യസന്ധമായി ജീവിച്ചതിനാണ് തങ്ങളെ വേട്ടയാടിയതെന്നും ദൈവത്തോട് നന്ദി പറയുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പ്രത്യേക സിബിഐ കോടതിയുടെ ഈ വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സിബിഐയുടെ നീക്കം. മദ്യനയക്കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാൾ 156 ദിവസവും മനീഷ് സിസോദിയ 530 ദിവസവുമാണ് ജയിൽവാസം അനുഭവിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
All Accused Including Arvind Kejriwal, Manish Sisodia Discharged In Liquor Policy Case, Delhi Court Raps CBI For Lapses


