ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം കാർ ബോംബ് സ്ഫോടനം നടത്തിയ ഭീകരർ ഇസ്രയേലിൽ ഹമാസ് നടത്തിയതിന് സമാനമായ ഡ്രോൺ ആക്രമണത്തിനും പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. അത്യാധുനിക രീതിയിലുള്ള ഡ്രോൺ ആക്രമണത്തിനാണ് ഇവർ ലക്ഷ്യമിട്ടതെന്ന് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മാതൃക പിന്തുടരാനും ഇതിനായി റോക്കറ്റ് നിർമ്മാണത്തിനും ഭീകരർക്ക് പദ്ധതിയുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.
പരമാവധി നാശനഷ്ടങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ തിരക്കേറിയ പ്രദേശങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു ഇവരുടെ നീക്കം. ഇതിനായി ചെറിയ റോക്കറ്റുകൾ നിർമ്മിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ഇന്ത്യൻ ദേശീയ മാധ്യമം എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡ്രോണുകളിൽ ബാറ്ററികളും ക്യാമറകളും കൂടാതെ ബോംബുകളും സ്ഥാപിക്കാനുള്ള സാങ്കേതിക പരീക്ഷണങ്ങൾ ഭീകരർ നടത്തിയിരുന്നു എന്നാണ് സൂചന.
ഈ സംഭവവുമായി ബന്ധപ്പെട്ട് കശ്മീർ സ്വദേശി ഡാനിഷ് (ജാസിർ ബിലാൽ) എന്നയാളെ എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഡ്രോണുകളിൽ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകിയത് ഇയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മുഖ്യ പ്രതിയായ ഉമറിന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ ഡാനിഷ്. ഇയാളുടെ അറസ്റ്റോടെ ഭീകരരുടെ ഗൂഢാലോചനയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് പുറത്തു വരുന്നത്.
അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 14 ആയി ഉയർന്നു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഡൽഹി സ്വദേശിയായ വിനയ് പഥക്കാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങളും ഗൂഢാലോചനയുടെ വ്യാപ്തിയും വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.



