ബ്രിഡ്ജ്വാട്ടർ: നോവ സ്കോഷ്യയിലെയും മാനിറ്റോബയിലെയും സ്കൂളുകൾക്ക് നേരെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ പതിനഞ്ചുകാരിയെ പിടികൂടി പോലീസ്. നോവ സ്കോഷ്യയിലെ ബ്രിഡ്ജ്വാട്ടറിൽ നിന്നുള്ള കൗമാരക്കാരിയെയും മാനിറ്റോബ സ്വദേശിയായ പതിനാലുകാരനെയുമാണ് ഓൺലൈൻ വഴി ആക്രമണത്തിന് പദ്ധതിയിട്ടെന്ന കുറ്റത്തിന് പോലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയത്. പ്രതികൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇന്റർപോൾ, എഫ്.ബി.ഐ എന്നീ ഏജൻസികൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി എടുത്തത്. രണ്ട് വ്യത്യസ്ത പ്രവിശ്യകളിലായി താമസിക്കുന്ന പ്രതികൾ ഓൺലൈൻ വഴി ബന്ധപ്പെടുകയും സ്കൂളുകൾ ലക്ഷ്യമിട്ട് ആക്രമണത്തിന് പദ്ധതി തയ്യാറാക്കുകയും ചെയ്തതായാണ് ആർ.സി.എം.പി കണ്ടെത്തൽ. മാനിറ്റോബയിലെ റിവേഴ്സ് കോളീജിയേറ്റ്, ബ്രിഡ്ജ്വാട്ടറിലെ പാർക്ക് വ്യൂ എജുക്കേഷൻ സെന്റർ എന്നീ വിദ്യാലയങ്ങളാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. പ്രതികളുടെ പക്കൽ നിന്ന് സ്ഫോടക വസ്തുക്കളും തോക്കുകളും വിദ്വേഷ ചിഹ്നങ്ങൾ പതിപ്പിച്ച വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
തിങ്കളാഴ്ച രാവിലെ ബ്രിഡ്ജ്വാട്ടർ കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിക്കെതിരെ കൊലപാതക ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതിനാൽ പ്രതികൾ കുറഞ്ഞത് ഒരു മാസം കൂടി കസ്റ്റഡിയിൽ തുടരേണ്ടി വരുമെന്ന് കോടതി അറിയിച്ചു. കേസിന്റെ വിചാരണ അടുത്ത മാസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Death threats against schools: Teens from Nova Scotia and Manitoba arrested



