ഒട്ടാവ: ഒട്ടാവയിൽ ട്രാഫിക് ഗാർഡ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ 19 വയസ്സുകാരനായ ഡ്രൈവർക്കെതിരെ പോലീസ് കുറ്റം ചുമത്തി. ഒട്ടാവ പോലീസ് സർവീസിന്റെ റിപ്പോർട്ട് പ്രകാരം Xzander Wright എന്ന യുവാവിനെതിരെയാണ് ക്രിമിനൽ നിയമപ്രകാരം മരണത്തിന് കാരണമായ അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി എന്ന കുറ്റം ചുമത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കിയ ഇയാളെ വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8:20-ഓടെ സെഡാർവ്യൂ റോഡിലും കെന്നെവെയിൽ ഡ്രൈവിലും ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് 55-കാരനായ പീറ്റർ ക്ലാർക്കിനെ പിക്ക് അപ്പ് ട്രക്ക് ഇടിച്ചത്. അപകടത്തിന് പിന്നാലെ ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചുപോയതായി പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച നടത്തിയ അന്വേഷണത്തിലാണ് മേരി ഹണിവെൽ എലിമെന്ററി സ്കൂളിന് സമീപത്തെ വീട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്. Black Toyota Tundra വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പീറ്റർ ക്ലാർക്കിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണിയും ഒട്ടാവ മേയർ മാർക്ക് സട്ട്ക്ലിഫും അനുശോചനം രേഖപ്പെടുത്തി. കുട്ടികളുടെ സുരക്ഷയ്ക്കായി ജോലി ചെയ്തിരുന്ന ഒരാൾക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് നഗരത്തിന് വലിയ നഷ്ടമാണെന്ന് മേയർ സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി. പീറ്ററിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നത് വരെ ഒട്ടാവ സിറ്റിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പതാകകൾ പകുതി താഴ്ത്തി കെട്ടാൻ ഭരണകൂടം ഉത്തരവിട്ടു.
പീറ്റർ ക്ലാർക്കിന്റെ ഭാര്യ അമാൻഡയെ സന്ദർശിച്ച മേയർ സട്ട്ക്ലിഫ് നഗരവാസികളുടെ അനുശോചനം അവരെ അറിയിച്ചു. പീറ്റർ തന്റെ ജോലിയെയും ആളുകളെയും ഒരുപോലെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നുവെന്ന് ഭാര്യ അനുസ്മരിച്ചതായി മേയർ പറഞ്ഞു. നേപ്പിയൻ മേഖലയിലെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്ന പീറ്ററിന്റെ വിയോഗത്തിൽ നഗരത്തിലുടനീളം വ്യാപകമായ ദുഃഖം നിലനിൽക്കുകയാണ്.
Death of Ottawa traffic guard: 19-year-old driver charged with manslaughter
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



