ആൽബർട്ട: ട്രാൻസ്‌ജെൻഡർ യുവജനങ്ങളെയും മുതിർന്നവരെയും ബാധിക്കുന്ന നിയമങ്ങളെ കോടതി കേസുകളിൽ നിന്ന് സംരക്ഷിക്കാൻ ‘നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ്’ (Notwithstanding Clause) ഉപയോഗിച്ചതിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ആൽബർട്ട സർക്കാർ പൗരാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു എന്ന ആരോപണത്തെ തള്ളിക്കളഞ്ഞുകൊണ്ട്, കുട്ടികളുടെ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്മിത്ത് വ്യക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ നാലാം തവണയാണ് ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) ഈ ക്ലോസ് ഉപയോഗിക്കുന്നത്. ഇത് പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ എൻഡിപി ഹൗസ് ലീഡർ ക്രിസ്റ്റീന ഗ്രേ ചൂണ്ടിക്കാട്ടി. ‘ഞങ്ങൾ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു. കുട്ടികളെ സംരക്ഷിക്കുക, മതിയായ വിവരങ്ങളില്ലാതെ വൈദ്യപരമായ പരീക്ഷണങ്ങൾ അവർക്ക് മേൽ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം,’ എന്നായിരുന്നു വിമർശനങ്ങൾക്ക് സ്മിത്തിന്റെ മറുപടി.
നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ് ഉപയോഗിച്ച്, ട്രാൻസ്‌ജെൻഡർ യുവജനങ്ങളെയും മുതിർന്നവരെയും ബാധിക്കുന്ന മൂന്ന് നിയമങ്ങളെ കോടതി വെല്ലുവിളികളിൽ നിന്ന് അഞ്ച് വർഷം വരെ സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ പ്രവിശ്യയിൽ അവതരിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് പ്രീമിയറുടെ ഈ പ്രതികരണം. ലിംഗമാറ്റ ചികിത്സയുടെ ഭാഗമായി 16 വയസ്സിന് താഴെയുള്ളവർക്ക് പ്യുബേർട്ടി ബ്ലോക്കറുകളും ഹോർമോൺ തെറാപ്പിയും നൽകുന്നത് തടയുന്നതാണ് ഇതിലെ ഒരു പ്രധാന നിയമം. ഈ നിയമം ഭരണഘടനാ വിരുദ്ധവും ട്രാൻസ്‌ജെൻഡർ യുവജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും ആരോപിച്ച് 2SLGBTQ+ അഭിഭാഷക ഗ്രൂപ്പുകളും കനേഡിയൻ മെഡിക്കൽ അസോസിയേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. ജനാധിപത്യപരമായ ഉത്തരവാദിത്തമില്ലാത്ത ‘ജഡ്ജിമാർക്ക്’ മുന്നിൽ വഴങ്ങില്ലെന്നും, അന്തിമ തീരുമാനം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടേതാണെന്നും പ്രീമിയർ സ്മിത്ത് നിലപാട് കടുപ്പിച്ചു.
ട്രാൻസ്‌ജെൻഡർ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ് ആവർത്തിച്ച് ഉപയോഗിക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണെന്ന് ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ തലവൻ ജേസൺ ഷില്ലിംഗ് വിമർശിച്ചു. ഈ നടപടി ആൽബർട്ടയിലെ എല്ലാവരുടെയും അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും അപകടപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിൽ 51,000 സമരക്കാരെ ജോലിക്ക് തിരികെ പ്രവേശിപ്പിക്കാൻ ഈ ക്ലോസ് ഉപയോഗിച്ചതിനെതിരെ ടീച്ചേഴ്‌സ് യൂണിയൻ നിയമപരമായ വെല്ലുവിളി നൽകിയിട്ടുണ്ട്. കൂടാതെ, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്‌കൂളിൽ പേരോ സർവ്വനാമമോ മാറ്റാൻ രക്ഷാകർത്താക്കളുടെ സമ്മതം വേണമെന്ന നിയമത്തിലും സർക്കാർ ഈ ക്ലോസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമങ്ങൾ കുട്ടികളുടെ വിശ്വാസത്തെയും സുരക്ഷിതത്വത്തെയും അപകടപ്പെടുത്തുമെന്ന് ഷില്ലിംഗ് പറഞ്ഞു. ‘നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ്’ ഉപയോഗിച്ച് സങ്കീർണ്ണമായ സാമൂഹിക വിഷയങ്ങളെ അഭിമുഖീകരിക്കുന്നത് ആശങ്കാജനകമാണെന്ന് ഫെഡറൽ നീതിന്യായ മന്ത്രി ഷോൺ ഫ്രേസറും അഭിപ്രായപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Transgender law: Debate heats up in Canada; Danielle Smith offers a challenging response



