പ്രകൃതി മനോഹാരിത കൊണ്ടും സുരക്ഷിതവും സ്വാഗതാർഹവുമായ രാഷ്ട്രമെന്ന നിലയിലും കാനഡ ആഗോള പ്രശ്സ്തി നേടിയ രാജ്യമാണ്. എന്നാൽ കാനഡയിലെ ചില നഗരങ്ങൾ കുറ്റകൃത്യങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയവയാണ്. 2025ലെ നംബിയോ ക്രൈം ഇൻഡക്സ് പ്രകാരം പട്ടികപ്പെടുത്തിയ കാനഡയിലെ ഏറ്റവും അപകടകരമായ അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത 10 നഗരങ്ങൾ പരിശോധിക്കാം. കാനഡയിലെ ഏറ്റവും അപകടകരമായ 10 നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ബ്രിട്ടീഷ് കൊളംബിയയിലെ സറേ നഗരത്തിനാണ്.
നഗരങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാട്, പകലും രാത്രിയിലുമുള്ള സുരക്ഷാബോധം, മോഷണം, ആക്രമണം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വിലയിരുത്തുന്ന ഉപയോക്തൃ സർവേകളിലൂടെയാണ് നംബിയോ ഈ സൂചിക തയ്യാറാക്കുന്നത്. 0 മുതൽ 100 വരെയുള്ള സ്കെയിലിൽ 60-ന് മുകളിലുള്ള സ്കോർ ‘ഉയർന്ന’ കുറ്റകൃത്യ നിരക്കിനെയാണ് സൂചിപ്പിക്കുന്നത്.
പട്ടികയിൽ ഇടം നേടിയ പ്രധാന നഗരങ്ങൾ
നംബിയോയുടെ റിപ്പോർട്ടനുസരിച്ച്, 2025-ൽ കാനഡയിലെ ഏറ്റവും സുരക്ഷിതമല്ലാത്ത പത്ത് നഗരങ്ങൾ ഇവയാണ്:
സറേ, ബ്രിട്ടീഷ് കൊളംബിയ: (ക്രൈം ഇൻഡക്സ്: 64.5) – മയക്കുമരുന്ന് കടത്ത്, ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങൾ എന്നിവയാണ് ഈ നഗരത്തിലെ പ്രധാന പ്രശ്‌നങ്ങൾ. അതിവേഗമുള്ള നഗരവളർച്ച പോലീസിംഗ് സംവിധാനങ്ങൾക്ക് വെല്ലുവിളിയാകുന്നു.
കെലോന, ബ്രിട്ടീഷ് കൊളംബിയ: (ക്രൈം ഇൻഡക്സ്: 62.3) – ഒകനാഗൻ താഴ്‌വരയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ മോഷണം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ എന്നിവ വർധിച്ചിട്ടുണ്ട്.
സഡ്ബറി, ഒന്റാറിയോ: (ക്രൈം ഇൻഡക്സ്: 62.3) – സാമ്പത്തിക പ്രതിസന്ധിയും ലഹരിവസ്തുക്കളുടെ ദുരുപയോഗവും കാരണം ഇവിടെ കുറ്റകൃത്യങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു.
ഒഷാവ, ഒന്റാറിയോ: (ക്രൈം ഇൻഡക്സ്: 60.5) – ടൊറന്റോ നഗരത്തിന് അടുത്തായതിനാൽ കുറ്റകൃത്യങ്ങൾ ഇവിടെയും വർധിക്കുന്നു. മോഷണം, നശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ പ്രധാന ആശങ്കകളാണ്.
വിന്നിപെഗ്, മാനിറ്റോബ: (ക്രൈം ഇൻഡക്സ്: 60.4) – കവർച്ച, ആക്രമണം തുടങ്ങിയ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ ഇവിടെ കൂടുതലാണ്. ദാരിദ്ര്യവും ഗുണ്ടാപ്രവർത്തനങ്ങളും ഇതിന് പ്രധാന കാരണങ്ങളാണ്.
സുസെന്റ് മേരി, ഒന്റാറിയോ: (ക്രൈം ഇൻഡക്സ്: 60.3) – അതിർത്തി നഗരമായ ഇവിടെ മയക്കുമരുന്ന് കടത്തും മോഷണങ്ങളും കൂടുതലായി നടക്കുന്നു.
ഹാമിൽട്ടൺ, ഒന്റാറിയോ: (ക്രൈം ഇൻഡക്സ്: 56.0) – വാഹന മോഷണങ്ങളും വീടുകളിൽ അതിക്രമിച്ചു കയറിയുള്ള മോഷണങ്ങളും ഇവിടെ വർധിക്കുന്നുണ്ട്.
ബ്രാംപ്ടൺ, ഒന്റാറിയോ: (ക്രൈം ഇൻഡക്സ്: 55.5) – അതിവേഗം വളരുന്ന ഈ നഗരത്തിൽ കാർ മോഷണങ്ങളും വീടുകളിൽ അതിക്രമിച്ചു കയറിയുള്ള മോഷണങ്ങളും വലിയ പ്രശ്നങ്ങളായി തുടരുന്നു.
കംലൂപ്സ്, ബ്രിട്ടീഷ് കൊളംബിയ: (ക്രൈം ഇൻഡക്സ്: 54.8) – മയക്കുമരുന്ന് ഉപയോഗം, കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഇവിടെ കൂടുതലാണ്.
ലണ്ടൻ, ഒന്റാറിയോ: (ക്രൈം ഇൻഡക്സ്: 54.0) – വിദ്യാർത്ഥികൾ കൂടുതലുള്ള ഈ നഗരത്തിൽ കുറ്റകൃത്യങ്ങളും തീവെപ്പ് കേസുകളും പ്രധാന വെല്ലുവിളികളാണ്.
വെല്ലുവിളികളും പ്രതിരോധ നടപടികളും
ഈ നഗരങ്ങളിലെ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ദ്രുതഗതിയിലുള്ള നഗരവളർച്ച, സാമ്പത്തിക അസമത്വം, മയക്കുമരുന്ന് പ്രശ്നങ്ങൾ, ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനം തുടങ്ങിയ നിരവധി കാരണങ്ങൾ ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി അതത് നഗരങ്ങളിലെ പോലീസ് സേനകളും പ്രാദേശിക ഭരണകൂടങ്ങളും സജീവമായി ഇടപെടുന്നുണ്ട്. സിസിടിവി നിരീക്ഷണം, സാമൂഹിക പങ്കാളിത്തമുള്ള പോലീസ് സംവിധാനങ്ങൾ, മാനസികാരോഗ്യ-ഡീടോക്സ് പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
10 most dangerous Cities In Canada



