ഹൂസ്റ്റൺ: ടെസ്‌ല സൈബർട്രക്കിന്റെ ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറിലുണ്ടായ സാങ്കേതിക പിഴവ് മൂലം അപകടമുണ്ടായെന്ന് ആരോപിച്ച് അമേരിക്കയിലെ ഹൂസ്റ്റൺ സ്വദേശിനി 10 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ടെസ്‌ലയ്‌ക്കെതിരെ കേസ ഫയൽ ചെയ്തത്. വാഹനത്തിന്റെ സെൽഫ് ഡ്രൈവിംഗ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിനിടെ സൈബർട്രക്ക് നിയന്ത്രണം വിട്ട് മേൽപ്പാലത്തിലെ കോൺക്രീറ്റ് ബാരിയറിൽ ഇടിക്കുകയായിരുന്നുവെന്ന് ഫോക്സ് ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഡാഷ്‌ക്യാം വീഡിയോ നിലവിൽ പുറത്തുവന്നിട്ടുണ്ട്. ഒരു വൈ-ആകൃതിയിലുള്ള മേൽപ്പാലത്തിൽ വെച്ച് വലത്തോട്ട് തിരിയേണ്ടതിന് പകരം വാഹനം നേരെ പോയി കോൺക്രീറ്റ് ഭിത്തിയിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടസമയത്ത് യുവതിയും ഒരു വയസ്സുള്ള കുഞ്ഞും വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചർ ഓഫാക്കി സ്റ്റിയറിംഗിന്റെ നിയന്ത്രണം തിരികെ പിടിക്കാൻ ശ്രമിച്ചെങ്കിലും അമിതവേഗതയിലായിരുന്ന വാഹനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അപകടത്തിൽ യുവതിയുടെ വലത് തോൾ, കഴുത്ത്, പുറംഭാഗം എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴുത്തിലെയും നട്ടെല്ലിലെയും ഡിസ്‌കുകൾക്ക് സ്ഥാനചലനം സംഭവിക്കുകയും കൈത്തണ്ടയിലെ ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പിൻസീറ്റിലുണ്ടായിരുന്ന ഒരു വയസ്സുകാരനായ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന്റെ ഓട്ടോപൈലറ്റ് ഫീച്ചർ രൂപകൽപ്പന ചെയ്യുന്നതിൽ ടെസ്‌ല വരുത്തിയ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ശേഷിയെക്കുറിച്ച് ടെസ്‌ല തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതായും അപകടകരമായ സാഹചര്യങ്ങളിൽ കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതായും യുവതിയുടെ അഭിഭാഷകർ ആരോപിച്ചു. കൂടുതൽ ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ കമ്പനി അലംഭാവം കാണിച്ചതായും ഹർജിയിൽ പറയുന്നു. സംഭവത്തിൽ ടെസ്‌ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Cybertruck accident: US woman files lawsuit against Elon Musk’s Tesla
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



