വാഷിംഗ്ടൺ: കാനഡയും അമേരിക്കയും തമ്മിലുള്ള പ്രധാനപ്പെട്ട വ്യാപാര ചർച്ചകൾ തുടരുകയാണ്. നിലവിൽ, ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്‌നങ്ങളുണ്ടാക്കുന്ന സ്റ്റീൽ, അലുമിനിയം, ഊർജ്ജം എന്നീ പ്രധാനപ്പെട്ട മൂന്ന് മേഖലകളിൽ ഉടൻ ഒരു കരാറിലെത്താനാണ് കാനഡ ലക്ഷ്യമിടുന്നത്. വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഈ ആഴ്ചയും യു.എസ്. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ കഴിഞ്ഞയാഴ്ചത്തെ യു.എസ്. സന്ദർശനത്തിന്റെ തുടർച്ചയായാണ് ഈ ചർച്ചകൾ. ചർച്ചകൾ പോസിറ്റീവാണെന്നും, ഈ മേഖലകളിൽ വേഗത്തിൽ ഒരു ധാരണയിലെത്തിയാൽ മറ്റ് വ്യാപാര വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും മന്ത്രി ലെബ്ലാങ്ക് പറഞ്ഞു. അതേസമയം, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉത്പന്നങ്ങൾക്ക് അധിക താരിഫുകൾ ചുമത്തിയത് കാനഡയുടെ സാമ്പത്തിക രംഗത്ത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
അമേരിക്കയുടെ അധിക താരിഫുകളുടെ പശ്ചാത്തലത്തിൽ വാഹന നിർമ്മാണ കമ്പനിയായ സ്റ്റെല്ലാന്റിസ് എടുത്ത ഒരു പ്രധാന തീരുമാനം വ്യാപാര തർക്കങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. തങ്ങളുടെ ജീപ്പ് കോമ്പസ് മോഡലിന്റെ ഉത്പാദനം കാനഡയിലെ ഒന്റാറിയോയിലുള്ള ബ്രാംപ്ടൺ പ്ലാന്റിൽ നിന്ന് യു.എസിലെ ഇല്ലിനോയിസിലേക്ക് മാറ്റാനുള്ള സ്റ്റെല്ലാന്റിസിന്റെ തീരുമാനമാണ് കാനഡയെ ചൊടിപ്പിച്ചത്. 2023-ൽ കമ്പനി കനേഡിയൻ സർക്കാരുകളുമായി ഒപ്പുവെച്ച കരാർ ലംഘിക്കുന്ന നടപടിയാണ് ഇതെന്നാണ് കാനഡയുടെ ആരോപണം. ഈ നീക്കം ‘തികച്ചും അസ്വീകാര്യമാണ്’ എന്ന് വ്യവസായ മന്ത്രി മെലാനി ജോളി പറഞ്ഞു. ബ്രാംപ്ടണിലെ തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ കമ്പനി പാലിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും അവർ വ്യക്തമാക്കി. യു.എസ്. താരിഫുകളാണ് ഈ ഉത്പാദന മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പ്രധാനമന്ത്രി കാർണിയും സമ്മതിച്ചു.
യു.എസ്. താരിഫുകൾ കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. കാനഡയിൽ നിന്നുള്ള സോഫ്റ്റ്-വുഡ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് വീണ്ടും കൂടുതൽ താരിഫുകൾ ചുമത്തിയത് ഈ വ്യവസായത്തെ തകർക്കുന്ന അവസ്ഥയിലേക്ക് യു.എസ്. എത്തിച്ചിരിക്കുന്നു. മരം വ്യവസായത്തെ ആശ്രയിക്കുന്ന പ്രവിശ്യകൾ കടുത്ത ആശങ്കയിലാണ്. പ്രഖ്യാപിച്ച 1.2 ബില്യൺ ഡോളറിന്റെ സഹായം ഉടൻ അനുവദിക്കണമെന്ന് ബ്രിട്ടീഷ് കൊളംബിയ അടക്കമുള്ള പ്രവിശ്യകളുടെ പ്രീമിയർസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ശക്തമായ നിലപാടെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. മരം വ്യവസായത്തിനുള്ള സാമ്പത്തിക സഹായം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി മെലാനി ജോളി ഉറപ്പുനൽകിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canada-US trade deadlocked; crucial talks in Washington


