കാനഡയിലെ സാസ്കച്ചെവാനിലുണ്ടായ കാട്ടുതീയുടെ സ്ഥിതി മെച്ചപ്പെട്ടു. തീവ്രത കുറഞ്ഞതോടെ ഒഴിപ്പിച്ച ജനങ്ങളിൽ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് സാസ്കച്ചെവാൻ പബ്ലിക് സേഫ്റ്റി ഏജൻസിയും (SPSA) പ്രീമിയർ സ്കോട്ട് മോയും അറിയിച്ചു. സമീപ ദിവസങ്ങളിലുണ്ടായ മഴയും അഗ്നിശമന സേനാംഗങ്ങളുടെ കഠിനാധ്വാനവുമാണ് സ്ഥിതി മെച്ചപ്പെടാൻ കാരണം.
തീ അണയ്ക്കുന്നതിൽ വലിയ പങ്കുവഹിച്ച അഗ്നിശമന സേനാംഗങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും പ്രീമിയർ മോ നന്ദി പറഞ്ഞു. സാസ്കടെലും, സാസ്കപവറും ചേർന്ന് തകരാറിലായ ആശയവിനിമയ, വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിച്ചു വരികയാണ്. ഏകദേശം 15,000-ത്തോളം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരുന്നത്. ഇതിൽ 10,300 പേർ ഇതിനോടകം വീടുകളിലേക്ക് മടങ്ങിയെന്ന് SPSA അറിയിച്ചു.
വീടുകൾ നഷ്ടപ്പെട്ടവർക്ക് 500 ഡോളർ വീതം സഹായധനം നൽകാനും സർക്കാർ നടപടി തുടങ്ങി. എങ്കിലും, ഏകദേശം 400 ഓളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ 19 കാട്ടുതീകളാണ് സാസ്കച്ചെവാനിൽ ഇപ്പോഴും സജീവമായുള്ളത്. ഇതിൽ അഞ്ചെണ്ണം നിയന്ത്രണവിധേയമായിട്ടില്ല. ക്രെയിറ്റൺ, ഡെനാരെ ബീച്ച്, ഈസ്റ്റ് ട്രൗട്ട് ലേക്ക്, വേലൻ ബേ, കംബർലാൻഡ് ഹൗസിലെ P1, P2 എന്നിവയുൾപ്പെടെ അഞ്ച് പ്രദേശങ്ങളിൽ ഇപ്പോഴും നിർബന്ധിത ഒഴിപ്പിക്കൽ തുടരുകയാണെന്ന് SPSA പ്രസിഡന്റ് മാൾലോ പ്രചാർഡ് പറഞ്ഞു.
തീപിടിത്തത്തിന് കാരണമായ 30 കേസുകളിൽ തെളിവ് ശേഖരണം നടന്നുവരികയാണ്. ഡിച്ച്02 തീപിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ RCMP കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ ATV, UTV നിരോധനം നീക്കുമെങ്കിലും പ്രവിശ്യാ തലത്തിലുള്ള തീപിടിത്ത നിരോധനം തുടരുമെന്ന് പ്രചാർഡും ഗവൺമെന്റ് റിലേഷൻസ് മന്ത്രി എറിക് ഷമാൽസും അറിയിച്ചു.



