ഒട്ടാവ: കാനഡയിലെ നികുതി സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ കുറഞ്ഞ വരുമാനക്കാർക്കായി നികുതി നടപടികൾ ലളിതമാക്കി കാനഡ റവന്യൂ ഏജൻസി (CRA). ‘സിമ്പിൾ ഫയൽ’ (SimpleFile) എന്ന പേരിൽ നടപ്പിലാക്കുന്ന ഈ സൗജന്യ സേവനം വഴി അർഹരായ കാനഡക്കാർക്ക് സങ്കീർണ്ണതകളില്ലാതെ വരുമാന നികുതി റിട്ടേണും ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകളും സമർപ്പിക്കാൻ സാധിക്കും. രാജ്യത്തുടനീളം ഏകദേശം 30 ലക്ഷത്തോളം പേർക്ക് ഈ വർഷം ഈ സേവനത്തിന് അർഹതയുണ്ടെന്നും സിആർഎ അറിയിച്ചു.
നികുതി ബാധ്യത ഇല്ലാത്തവർ പോലും സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിനായി റിട്ടേൺ ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ കൃത്യമായി ലഭിക്കാൻ ഈ നടപടി സഹായിക്കും. കുറഞ്ഞ വരുമാനമുള്ളവർക്കും ലളിതമായ നികുതി സാഹചര്യങ്ങളുള്ളവർക്കുമാണ് ഈ സേവനം ലഭ്യമാകുക. 2018 മുതൽ ഫോൺ വഴി നിലവിലുണ്ടായിരുന്ന ഈ സംവിധാനം ഇപ്പോൾ ഡിജിറ്റൽ, പേപ്പർ രീതികളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
നിശ്ചിത വരുമാന പരിധിയിലുള്ളവർക്ക് മൈ സിആർഎ (MyCRA) അക്കൗണ്ട് വഴിയോ തപാൽ മുഖേനയോ അർഹത സംബന്ധിച്ച അറിയിപ്പ് ലഭിക്കും. സിമ്പിൾ ഫയൽ ഡിജിറ്റൽ സേവനം വഴി 10 മുതൽ 20 മിനിറ്റിനുള്ളിൽ ഓൺലൈനായി നടപടികൾ പൂർത്തിയാക്കാം. ഫോൺ വഴിയോ പേപ്പർ റിട്ടേൺ വഴിയോ ഉള്ള സേവനം ലഭിക്കുന്നവർക്ക് മാത്രമാണ് ഇൻവിറ്റേഷൻ ലഭ്യമാകുക. മിക്ക നികുതിദായകരും ഏപ്രിൽ 30-നകം റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ ആളുകളിലേക്ക് ഈ ലളിതമായ ഫയലിംഗ് രീതി എത്തിക്കാനുള്ള പരീക്ഷണ പദ്ധതികളും സർക്കാർ ആലോചിക്കുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
CRA brings relief to low-income earners; Tax procedures now simpler



