കേരളത്തിലെ കൊവിഡ കേസുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കമെന്നും മന്ത്രി വ്യക്തമാക്കി. പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം. ആശുപത്രികളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിൽ മാസ്ക് നിർബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.
സംസ്ഥാനത്ത് ഇതുവരെ നിലവിൽ 2223 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കൊവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്എഫ്ജി ആണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്.



