ടൊറന്റോ നഗരത്തിലെ മൂന്ന് പ്രധാന ബൈക്ക് ലൈൻസ് നീക്കം ചെയ്യാനുള്ള പ്രവിശ്യാ സർക്കാരിന്റെ പദ്ധതി ഒന്റാരിയോ കോടതി റദ്ദാക്കി. ഈ നീക്കം ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും വലിയ ഭീഷണിയാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് ജഡ്ജിയുടെ ഈ വിധി. ട്രാഫിക് തിരക്ക് കുറയ്ക്കാൻ ബൈക്ക് ലൈൻസ് നീക്കം ചെയ്യാനുള്ള സർക്കാരിന്റെ വാദം നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
ബൈക്ക് ടൊറന്റോ ഉൾപ്പെടെയുള്ള സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് ഇന്ന് (ബുധനാഴ്ച) കോടതിയുടെ നിർണായക വിധി വന്നത്. യോംഗ് സ്ട്രീറ്റ്, ബ്ലൂർ സ്ട്രീറ്റ്, യൂണിവേഴ്സിറ്റി അവന്യൂ എന്നിവിടങ്ങളിലെ 19 കിലോമീറ്റർ ദൈർഘ്യമുള്ള ബൈക്ക് ലൈൻസ് നീക്കം ചെയ്ത് പകരം വാഹനങ്ങൾക്കായി വഴി ഒരുക്കാനായിരുന്നു പ്രവിശ്യാ സർക്കാരിന്റെ പദ്ധതി. ബൈക്ക് യാത്രികരുടെ ജീവനും സുരക്ഷയ്ക്കും ഇത് ഭീഷണിയാകുമെന്ന് ഹർജിക്കാർ വാദിച്ചു. ബൈക്ക് ലൈൻസ് നീക്കം ചെയ്യുന്നത് ട്രാഫിക് തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന സർക്കാരിന്റെ വാദത്തെ ജസ്റ്റിസ് പോൾ ഷാബാസ് തള്ളി.
ബൈക്ക് ലൈൻസ്, പ്രത്യേകിച്ച് സംരക്ഷിത ബൈക്ക് ലൈൻസ്, വാഹനഗതാഗതം കുറയ്ക്കുന്നതിനും എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷിതമായ ബദൽ ഗതാഗത മാർഗ്ഗം നൽകുന്നതിനും സഹായിക്കുന്നു എന്ന് വിദഗ്ദ്ധരുടെ പഠനങ്ങൾ ഉദ്ധരിച്ച് ജസ്റ്റിസ് ഷാബാസ് ചൂണ്ടിക്കാട്ടി. റോഡുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സർക്കാരിന് അവകാശമുണ്ടെങ്കിലും, അത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമ്പോൾ കോടതിക്ക് ഇടപെടാൻ കഴിയുമെന്ന് അദ്ദേഹം തന്റെ വിധിയിൽ വ്യക്തമാക്കി. ടൊറന്റോയിലെ ബൈക്ക് യാത്രികർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ കോടതി വിധി.
Court rejects government move to remove bike lanes in Toronto



