ഓഫ്-റോഡിങ് യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായ കനേഡിയൻ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. പർവതനിരകളിലൂടെ ഓഫ്-റോഡ് യാത്ര ചെയ്യുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന മാത്യു യോമൻസ്, സ്റ്റേസി ടൂറോട്ട് എന്നിവരാണ് ബ്രിട്ടീഷ് കൊളംബിയയിലെ പർസെൽ പർവതനിരകളിൽ വെച്ചുണ്ടായ കാറപകടത്തിൽ മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. 911-ൽ ലഭിച്ച കോളിനെ തുടർന്ന് തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകർ റിമോട്ട് സർവീസ് റോഡിൽ വാഹനം കണ്ടെത്തുകയായിരുന്നു. പർവതങ്ങളിലൂടെ ഓഫ്-റോഡിങ് നടത്തുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം 200 മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടസ്ഥലത്ത് വെച്ച് തന്നെ മാത്യു യോമൻസ് മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റേസി ടൂറോട്ടിനെ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്റ്റേസിയുടെ അമ്മയായ കൊളീൻ ടൂറോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദുരന്തവാർത്ത പുറത്തറിയുന്നത്. ” മാത്യുവിനെയും സ്റ്റേസിയെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. ഞങ്ങൾക്കറിയാമായിരുന്നു, അവർ എന്നെന്നേക്കുമായി ഒരുമിച്ചായിരിക്കുമെന്ന്,” എന്നായിരുന്നു അവരുടെ കുറിപ്പ്.
‘ടൊയോട്ട വേൾഡ് റണ്ണേഴ്സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ദമ്പതികൾ തങ്ങളുടെ സാഹസിക യാത്രകൾ പങ്കുവെച്ചിരുന്നത്. 2.03 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ചാനലിലെ വീഡിയോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 16 മാസം നീണ്ട യാത്ര നടത്തിയിട്ടുള്ള ഇവർ ഈ യാത്രയ്ക്കിടെയാണ് വിവാഹനിശ്ചയം നടത്തിയത്. അർജന്റീനയുടെയും ചിലിയുടെയും അതിർത്തിയിലുള്ള മൗണ്ട് ഫിറ്റ്സ് റോയിയുടെ മുന്നിൽ വെച്ചായിരുന്നു മാത്യു സ്റ്റേസിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത്.
“ആദ്യ ഡേറ്റിന് ശേഷം എനിക്ക് മനസ്സിലായി, ഈ പെൺകുട്ടിയോടൊപ്പം എനിക്ക് ജീവിതം മുഴുവൻ ചെലവഴിക്കാൻ കഴിയുമെന്ന്,” വിവാഹനിശ്ചയം അറിയിച്ച് മാത്യു ഇങ്ങനെയാണ് സമൂഹമാധ്യമത്തിൽ എഴുതിയത്. ഇവരുടെ മരണം ഓഫ്-റോഡിങ് സമൂഹത്തിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. നിരവധി പേരാണ് ഇരുവർക്കും ഓൺലൈനിൽ ആദരാഞ്ജലികൾ അർപ്പിച്ചത്.
B.C. couple with off-roading YouTube channel killed in rollover crash



