നിലമ്പൂർ മണലോടിയിൽ നവ ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രാജേഷും (23) അമൃത കൃഷ്ണയും (18) ആത്മഹത്യ ചെയ്തത് നിസ്സാര തർക്കങ്ങളെ തുടർന്നെന്ന് സൂചന. മൂന്നു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. 2022ൽ ആണ് രാജേഷും അമൃതയും അടുപ്പത്തിലായത്. അമൃതയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോത്തുകൽ പൊലീസ് പോക്സോ കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രാജേഷ് ജയിലിലായി. അമൃതയ്ക്ക് പ്രായപൂർത്തിയായ ശേഷം 3 മാസം മുൻപാണ് ഇവരുടെ വിവാഹം നടത്തിയത്.
പന്തൽ നിർമാണ തൊഴിലാളിയായ രാജേഷ് ഇന്ന് ജോലിക്ക് പോയിരുന്നില്ല. രാജേഷിന്റെ മൃതദേഹം വീടിന്റെ സ്വീകരണ മുറിയിൽ സോഫയിലാണ് കിടന്നിരുന്നത്.അമൃതയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ആദ്യം രാജേഷ് തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്. വീടിന് പുറത്ത് ജോലിയിലായിരുന്ന അമൃത അകത്തു ചെന്നപ്പോൾ രാജേഷിനെ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ടു. ഉടനെ കയർ അറുത്തു. രാജേഷ് താഴെ വീണു. രാജേഷ് മരിച്ചെന്ന് മനസ്സിലായ അമൃത മുറിയിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയെന്നാണ് പൊലീസ് നൽകുന്ന വിവരം.
ശബ്ദം കേട്ട് വീട്ടിൽ വന്ന രാജേഷിന്റെ അമ്മ സത്യഭാമയാണ് മകൻ നിലത്തു കിടക്കുന്നത് കണ്ടത്. അമൃത കയറിൽ തൂങ്ങിയ നിലയായിരുന്നു. സത്യഭാമ രാജേഷിനെ വലിച്ചിഴച്ച് സോഫയിൽ കിടത്തി. അയൽ വീട്ടിലെത്തി വിവരം പറഞ്ഞു. അയൽവാസികൾ എത്തി കയർ അറുത്ത് അമൃതയെ താഴെ കിടത്തി. അടുത്ത വീട്ടിലെ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ നടത്തും.
നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകനാണ് രാജേഷ്. എരുമമുണ്ട കാനക്കുത്ത് എലിപ്പാറ്റ ബാലകൃഷ്ണന്റെയും തുളസിയുടെയും മകളാണ് അമൃത.
Newlywed Kerala couple found dead in house



