ദില്ലി: ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി രാജ്യം സജ്ജമായി. ഡൽഹിയിലെ കർത്തവ്യപഥിൽ രാവിലെ 9:30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികവും ‘ആത്മനിർഭർ ഭാരത’വുമാണ് ഈ വർഷത്തെ പരേഡിന്റെ പ്രധാന പ്രമേയങ്ങൾ. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികൾ. ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ അതീവ സുരക്ഷാ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കർത്തവ്യപഥിൽ പത്തരയോടെ ആരംഭിക്കുന്ന വർണ്ണാഭമായ പരേഡിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെയും വിവിധ മന്ത്രാലയങ്ങളുടെയും 30 നിശ്ചലദൃശ്യങ്ങൾ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം ഇത്തവണ ശ്രദ്ധേയമാകുന്നത്. ‘ആത്മനിർഭർ കേരളം ആത്മനിർഭർ ഭാരതത്തിന്’ എന്ന സന്ദേശമാണ് കേരളം ഇതിലൂടെ മുന്നോട്ട് വെക്കുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിന്റെ ടാബ്ലോ റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ സൈനിക വീര്യം വിളിച്ചോതി പുതിയ യുദ്ധോപകരണങ്ങളും സേനാവിഭാഗങ്ങളും പരേഡിൽ അണിനിരക്കും. കരസേന പുതുതായി രൂപീകരിച്ച ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയൻ ഇതാദ്യമായി കർത്തവ്യപഥിൽ മാർച്ച് ചെയ്യും. ദീർഘദൂര പ്രഹരശേഷിയുള്ള ‘സൂര്യാസ്ത്ര’ റോക്കറ്റ് ലോഞ്ചർ സിസ്റ്റവും പരേഡിലെ പ്രധാന ആകർഷണമായിരിക്കും. വ്യോമസേനയുടെ 29 യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന വിസ്മയകരമായ ഫ്ലൈ പാസ്റ്റും ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
സംസ്ഥാന തല റിപ്പബ്ലിക് ദിനാഘോഷങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9 മണിക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. വിവിധ സേനാവിഭാഗങ്ങൾക്കും എൻ.സി.സി കേഡറ്റുകൾക്കുമൊപ്പം ഇതാദ്യമായി നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) വളണ്ടിയർമാരും പരേഡിൽ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിവിധ സർവകലാശാലകളിൽ നിന്നുള്ള 40 എൻഎസ്എസ് വിദ്യാർത്ഥികളാണ് ചരിത്രപരമായ ഈ മുന്നേറ്റത്തിൽ പങ്കാളികളാകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
The country celebrates its 77th Republic Day; Military strength and cultural diversity will be deployed in the line of duty



