ഒട്ടാവ: നവംബർ മാസം മുതൽ കാനഡയിൽ 20, 50, 100 ഡോളറുകളുടെ വ്യാജനോട്ടുകളുടെ പ്രചാരത്തിൽ വൻ വർധനവുണ്ടായതായി റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡ (RCC) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഒരു വർഷം മുഴുവൻ കണ്ടെത്തിയതിനേക്കാൾ കൂടുതൽ കള്ളനോട്ടുകൾ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്തതായി അസോസിയേഷൻ അറിയിച്ചു. നോട്ടുകളിലെ ഹോളോഗ്രാം ഉൾപ്പെടെയുള്ളവ അതീവ കൃത്യതയോടെ നിർമ്മിച്ചിരിക്കുന്നതിനാൽ വിദഗ്ധർക്ക് പോലും വ്യാജനെ തിരിച്ചറിയാൻ പ്രയാസമാണെന്ന് ആർ.സി.സി ക്യുബെക്ക് ഡിവിഷൻ പ്രസിഡന്റ് മിഷേൽ റോഷെറ്റ് വ്യക്തമാക്കി.
ക്രിസ്മസ് തിരക്ക് മുതലെടുത്ത് സംഘടിത കുറ്റവാളി സംഘങ്ങളാണ് കള്ളനോട്ടുകൾ വിപണിയിൽ എത്തിക്കുന്നതെന്ന് മിഷേൽ റോഷെറ്റ് അറിയിച്ചു. വിപണിയിൽ വൻതോതിൽ ജനത്തിരക്കുള്ള സമയമായതിനാൽ നോട്ടുകൾ സൂക്ഷ്മമായി പരിശോധിക്കാൻ വ്യാപാരികൾക്ക് പ്രായോഗിക തടസ്സങ്ങളുണ്ട്. ക്യുബെക്ക് പ്രവിശ്യാ പോലീസ് പലയിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും വ്യാജനോട്ടുകളുടെ കൃത്യമായ അളവ് കണക്കാക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വിലയിരുത്തി.
കള്ളനോട്ട് മാഫിയയെ നേരിടാൻ പോലീസ് സേനയ്ക്ക് കൂടുതൽ വിഭവങ്ങളും അധികാരങ്ങളും നൽകണമെന്ന് റീട്ടെയിൽ കൗൺസിൽ ഫെഡറൽ-പ്രവിശ്യാ സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങൾ പലപ്പോഴും അക്രമ സംഭവങ്ങളിലേക്ക് നയിക്കാറുള്ളതിനാൽ ഗൗരവകരമായ നടപടികൾ അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കി. റീട്ടെയിൽ മേഖലയിലെ സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് പുതിയ അധികാരങ്ങൾ നൽകാനുള്ള കാർണി സർക്കാരിന്റെ തീരുമാനത്തെ സംഘടന സ്വാഗതം ചെയ്തു.
ദേശീയ കണക്കുകൾ പ്രകാരം കാനഡയിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം, തട്ടിപ്പ് എന്നിവ മൂലമുണ്ടാകുന്ന വാർഷിക നഷ്ടം 9 ബില്യൺ ഡോളറാണ്. വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ ജാഗ്രത പാലിക്കണമെന്നും ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കണമെന്നും മിഷേൽ റോഷെറ്റ് നിർദ്ദേശിച്ചു. കുറ്റവാളികളെ പിടികൂടുന്നതിനായി പ്രാദേശിക പോലീസ് സേനകൾക്ക് കൂടുതൽ അന്വേഷണ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Counterfeit notes are widespread in Canada: Retail Council issues cautionary advice



