ഹാലിഫാക്സ്: നോവ സ്കോഷ്യയിലുള്ള വാൾമാർട്ട് സ്റ്റോറിലെ ബേക്കിംഗ് ഓവനിൽ 19-കാരിയായ ഗുർസിമ്രാൻ കൗർ വെന്തുമരിച്ച സംഭവത്തിൽ, ഒന്നര വർഷത്തിന് ശേഷം മൗനം വെടിഞ്ഞ് മാതാവ് മന്ദീപ് കൗർ. അപകടത്തിൽ ദുരൂഹതയില്ലെന്ന പോലീസിന്റെയും സുരക്ഷാ വീഴ്ചകളില്ലെന്ന ലേബർ ഡിപ്പാർട്ട്മെന്റിന്റെയും കണ്ടെത്തലുകൾക്കെതിരെയാണ് കുടുംബം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സംഭവദിവസം താൻ നേരിട്ട ഭീകരതയും അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥയും മന്ദീപ് കൗർ തുറന്നുപറഞ്ഞു.
2024 ഒക്ടോബർ 19-നായിരുന്നു ലോകത്തെ നടുക്കിയ ആ ദുരന്തം. വാൾമാർട്ടിലെ അതേ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന മന്ദീപ് കൗർ, മകളെ ഫോണിലും മെസേജിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. മകൾ കസ്റ്റമേഴ്സിനൊപ്പമോ അല്ലെങ്കിൽ ബ്രേക്കിലോ ആയിരിക്കുമെന്നാണ് താൻ ആദ്യം കരുതിയതെന്ന് മന്ദീപ് പറയുന്നു. എന്നാൽ ഏറെ നേരമായിട്ടും മകളെ കാണാതായതോടെ സ്റ്റോർ മാനേജർമാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് ബേക്കറി വിഭാഗത്തിലെ വലിയ ഓവനിൽ അവസാനിച്ചത്. ഓവന്റെ ചുവട്ടിൽ നിന്ന് കറുത്ത ദ്രാവകം ഒലിച്ചിറങ്ങുന്നത് കണ്ട മാനേജർക്കൊപ്പം ഉള്ളിലേക്ക് നോക്കിയ മന്ദീപിന് കാണാനായത് കത്തിയമർന്ന മകളുടെ മൃതദേഹമായിരുന്നു.
ഹാലിഫാക്സ് പോലീസ് സംഭവത്തിൽ ക്രിമിനൽ കുറ്റം കണ്ടെത്താത്തതിനെ തുടർന്ന് കേസ് അവസാനിപ്പിച്ചിരുന്നു. പിന്നാലെ നോവ സ്കോഷ്യ ലേബർ ഡിപ്പാർട്ട്മെന്റും വാൾമാർട്ടിന് ക്ലീൻ ചിറ്റ് നൽകി. എന്നാൽ എങ്ങനെയാണ് തന്റെ മകൾ ഓവനുള്ളിൽ അകപ്പെട്ടതെന്നോ, എന്തുകൊണ്ട് പുറത്തുകടക്കാൻ സാധിച്ചില്ലെന്നോ വ്യക്തമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് മന്ദീപ് കുറ്റപ്പെടുത്തുന്നു. “അവർക്ക് യാതൊരു തെളിവുകളുമില്ല, വ്യക്തമായ ഉത്തരങ്ങളുമില്ല. അവൾ എത്ര നേരം അതിനുള്ളിൽ കിടന്നു എന്നോ സഹായത്തിനായി നിലവിളിച്ചിരുന്നോ എന്ന് പോലും ആരും പറയുന്നില്ല,” മന്ദീപ് വേദനയോടെ പറയുന്നു.
ഗുർസിമ്രാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. വൈദ്യശാസ്ത്ര പഠനത്തിന് തയ്യാറെടുക്കുകയായിരുന്ന അവൾ ഏറെ സന്തോഷവതിയായിരുന്നു. മരണത്തിന് ദിവസങ്ങൾക്ക് ശേഷം പോലും അവൾ ഓർഡർ ചെയ്ത പാഴ്സലുകൾ വീട്ടിലെത്തിയിരുന്നു. സംഭവത്തിന് ശേഷം വാൾമാർട്ടിലെ ഈ ബേക്കറി വിഭാഗം നവീകരിക്കുകയും പഴയ രീതിയിലുള്ള ‘വാക്ക്-ഇൻ’ ഓവനുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മകളുടെ ചിതാഭസ്മവുമായി ഇന്ത്യയിലേക്ക് മടങ്ങിയ കുടുംബം ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ്.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയിലും വലിയ ചർച്ചയായ ഈ കേസ്, കാനഡയിലെ തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും മന്ദീപ് കൗർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.
-could-not-see-her-mother-of-gursimran-kaur-charred-to-death-in-walmart-oven
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



