റജീന: കാനഡയിലെ സസ്‌കച്ചവാനിലുള്ള കൽക്കരി വൈദ്യുത നിലയങ്ങളുടെ പ്രവർത്തന കാലാവധി നീട്ടുന്നതിനുള്ള ചെലവ് വൻതോതിൽ വർധിക്കുമെന്ന് റിപ്പോർട്ട്. നിലയങ്ങൾ നവീകരിക്കുന്നതിനായി ഏകദേശം 2.6 ബില്യൺ ഡോളർ (ഏകദേശം 21,500 കോടി രൂപ) ചിലവ് വരുമെന്നാണ് സസ്‌കാച്ചുവൻ റേറ്റ് റിവ്യൂ പാനലിന് നൽകിയ രേഖകളിൽ വ്യക്തമാക്കുന്നത്.
നേരത്തെ പ്രവിശ്യാ സർക്കാർ കണക്കാക്കിയിരുന്ന 900 മില്യൺ ഡോളറിനേക്കാൾ മൂന്നിരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ കണക്കുകളിൽ കാണുന്നത്. 1,500 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള നിലയങ്ങൾ 2050 വരെ പ്രവർത്തിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. പുറത്തുനിന്നുള്ള കൺസൾട്ടന്റുമാരുടെ പഠനപ്രകാരമാണ് 2.6 ബില്യൺ ഡോളറിന്റെ പുതിയ കണക്ക് പുറത്തുവന്നത്. ഊർജ്ജ സുരക്ഷ: കൽക്കരി ഉപയോഗം തുടരുന്നത് സാമ്പത്തിക ലാഭത്തേക്കാൾ പ്രവിശ്യയുടെ ഊർജ്ജ സുരക്ഷയ്ക്കും തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിനും അനിവാര്യമാണെന്ന് ക്രൗൺ ഇൻവെസ്റ്റ്‌മെന്റ് മന്ത്രി ജെറമി ഹാരിസൺ പറഞ്ഞു. 2029-ഓടെ കൽക്കരി നിലയങ്ങൾ നിർത്തലാക്കണമെന്ന ഫെഡറൽ സർക്കാരിന്റെ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സസ്‌കാച്ചുവൻ ഇത് തള്ളിക്കളയുകയാണ്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സസ്‌ക് പവർ (SaskPower) 2026-ൽ 3.9% നിരക്ക് വർധന നടപ്പിലാക്കി കഴിഞ്ഞു. 2027-ലും സമാനമായ വർധനവ് ഉണ്ടായേക്കും.
നിലവിൽ ആണവോർജ്ജത്തിലേക്കും നെറ്റ്-സീറോ ലക്ഷ്യങ്ങളിലേക്കും നീങ്ങുന്ന പ്രവിശ്യയ്ക്ക്, ആ മാറ്റം പൂർണ്ണമാകുന്നതുവരെ വിശ്വസനീയമായ ഒരു ഊർജ്ജ സ്രോതസ്സ് എന്ന നിലയിലാണ് കൽക്കരി നിലയങ്ങളെ നിലനിർത്തുന്നത്. പുതിയ ഗ്യാസ് പ്ലാന്റുകൾ നിർമ്മിക്കുന്നതിനേക്കാൾ ലാഭകരമാണ് ഇതെന്നും, 2050 ആകുമ്പോഴേക്കും പ്രവിശ്യയ്ക്ക് ഇതിലൂടെ 21 ബില്യൺ ഡോളറിന്റെ സമ്പാദ്യമുണ്ടാകുമെന്നും സസ്‌ക് പവർ അവകാശപ്പെടുന്നു.

എങ്കിലും, വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന നീക്കത്തിനെതിരെ വ്യവസായ സംഘടനകളും പ്രതിപക്ഷമായ എൻ.ഡി.പി (NDP) യും കടുത്ത പ്രതിഷേധത്തിലാണ്. ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാതെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Costs for refurbishing Sask. coal power plants estimated at $2.6 billion



