ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ വളർച്ച പുതിയ നിയമപോരാട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമായി, കാനഡയിലെ പ്രമുഖ വാർത്താ സ്ഥാപനങ്ങൾ OpenAI കമ്പനിക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസുമായി രംഗത് വന്നിരിക്കുകയാണ്. The Canadian Press, Torstar, Globe and Mail, Postmedia, CBC/Radio-Canada എന്നിവ ചേർന്നുള്ള സഖ്യമാണ് ഈ കേസ് നൽകിയത്. വാർത്താ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിച്ച് അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം പരിശീലിപ്പിക്കാൻ ഉപയോഗിച്ചതാണ് ആരോപണം. ഇതിലൂടെ OpenAI അനുമതിയും പ്രതിഫലവും ഇല്ലാതെ ലാഭമുണ്ടാക്കുന്നുവെന്നാണ് വാദം.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള OpenAI കമ്പനി ഈ ആരോപണങ്ങൾ നിരസിക്കുകയും ഒന്റാറിയോ കോടതിയുടെ അധികാരപരിധിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങൾ ഒന്റാറിയോയിൽ സ്ഥാപിതമല്ലെന്നും അവിടെ ബിസിനസ് നടത്തുന്നില്ലെന്നുമാണ് കമ്പനിയുടെ വാദം. പൊതുവായി ലഭ്യമായ ഡാറ്റയാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും അത് ന്യായമായ ഉപയോഗത്തിന്റെ (fair use) പരിധിയിൽ വരുന്നതാണെന്നും OpenAI അവകാശപ്പെടുന്നു.
അമേരിക്കയിൽ സമാനമായ നിരവധി കേസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് രണ്ട് കേസുകളിൽ AI കമ്പനികൾക്ക് അനുകൂല വിധി ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ വിധികൾ AI കമ്പനികൾക്കുള്ള പൂർണ്ണ വിജയമായി കാണരുതെന്നാണ്. വിപണി ഇടിവും പൈറസി സ്രോതസ്സുകളുടെ ഉപയോഗവും ഭാവിയിലെ കേസുകളിൽ പ്രധാന വിഷയങ്ങളാകുമെന്ന് വിദഗ്ധർ പറയുന്നു.
കനേഡയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഇവാൻ സോളമൻ ഈ കേസുകളും വിപണി സാഹചര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പകർപ്പവകാശത്തെക്കുറിച്ചുള്ള നയം കനേഡയുടെ വിശാലമായ AI നിയന്ത്രണ സമീപനത്തിൽ ഉൾപ്പെടുത്തുമെന്നും സാംസ്കാരിക പരമാധികാരവും സ്രഷ്ടാക്കളുടെ പങ്കും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സെപ്തംബറിൽ ഒന്റാറിയോ സുപ്പീരിയർ കോടതി അധികാരപരിധിയുടെ വെല്ലുവിളി കേൾക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ വ്യക്തത കിട്ടാൻ കൂടുതൽ സമയമെടുക്കും.
Copyright battle between Canadian media and OpenAI!



