ഒട്ടാവ: ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളിലും ഗർഭനിരോധന ഗുളികകൾ നിയന്ത്രണങ്ങളില്ലാതെ ലഭ്യമാണെങ്കിലും കാനഡയിൽ ഇവ ഇന്നും വാങ്ങുന്നതിന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധമാണ്. നിലവിൽ കാനഡയിലെ ആരോഗ്യസംവിധാനം നേരിടുന്ന സമ്മർദ്ദങ്ങൾക്കിടയിൽ, ഇത്തരം നിയന്ത്രണങ്ങൾ സാധാരണക്കാർക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിന് വലിയ തടസ്സം സൃഷ്ടിക്കുന്നതായാണ് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.
എസ്ട്രജൻ അടങ്ങിയ ഗുളികകൾ രക്തം കട്ടപിടിക്കാനും തലവേദനയ്ക്കും കാരണമായേക്കാമെന്നതിനാലാണ് കാനഡയിലെ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡോക്ടർമാരുടെ മേൽനോട്ടം നിർബന്ധമാക്കുന്നത്. എന്നാൽ പാർശ്വഫലങ്ങൾ കുറഞ്ഞ പുതിയ തരം പ്രൊജസ്റ്റിൻ ഗുളികകൾ വിപണിയിലുണ്ടായിട്ടും അവ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. ഒരു മരുന്ന് നിയന്ത്രണങ്ങളില്ലാതെ വിൽക്കണമെങ്കിൽ കമ്പനികൾ പ്രത്യേക അപേക്ഷ നൽകണം. എന്നാൽ കാനഡയിലെ ക്ലിനിക്കൽ പരീക്ഷണങ്ങളും ഉയർന്ന സാമ്പത്തിക ചിലവും കാരണം മരുന്ന് കമ്പനികൾ ഇതിന് താല്പര്യം കാണിക്കുന്നില്ല എന്നതാണ് പ്രധാന കാരണം.
പ്രിസ്ക്രിപ്ഷൻ നിർബന്ധമാക്കുന്നത് മൂലം ഏകദേശം 31 ശതമാനം സ്ത്രീകൾ മരുന്ന് വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോകുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഡോക്ടർമാരുടെ കുറവ് മൂലം കൃത്യസമയത്ത് പ്രിസ്ക്രിപ്ഷൻ പുതുക്കാൻ സാധിക്കാത്തത് സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സുരക്ഷയുടെ പേരിൽ നടപ്പിലാക്കുന്ന ഈ നിയന്ത്രണങ്ങൾ യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതാണെന്നും സ്ത്രീകളുടെ ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശത്തെ ഇത് തടയുന്നുവെന്നും സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. 60 വർഷത്തെ ഗവേഷണ ഫലങ്ങൾ മുന്നിലുണ്ടായിട്ടും നിയമങ്ങളിൽ മാറ്റം വരുത്താത്തത് ഭരണസംവിധാനത്തിന്റെ വീഴ്ചയാണെന്നാണ് ഉയരുന്ന വിമർശനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t
Contraceptive pills still restricted in Canada; Mandatory prescription backfires



