ഒന്റാറിയോ: ഒൻ്റാറിയോയിലെ ഭവന നിർമ്മാണ മേഖലയിലെ മാന്ദ്യം, ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനും, അതുവഴി പ്രവിശ്യയുടെ സാമ്പത്തിക തകർച്ചയ്ക്കും കാരണമാകുമെന്ന് ബിൽഡേഴ്സ് ഗ്രൂപ്പ് മുന്നറിയിപ്പ് നൽകുന്നു. നിർമ്മാണ മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി സർക്കാർ പുതിയ ഭവന നിർമ്മാണ നയങ്ങൾ പരിഷ്കരിക്കുകയും, പ്രോത്സാഹന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുന്ന ഈ സമയത്താണ് നിർണായകമായ ഈ വെളിപ്പെടുത്തൽ.
ഭവന നിർമ്മാണ കമ്പനികളുടെ കൂട്ടായ്മയായ റെസിഡൻഷ്യൽ കൺസ്ട്രക്ഷൻ കൗൺസിൽ ഓഫ് ഒൻ്റാറിയോ (RESCON) ആണ് ഈ വിഷയത്തിൽ ആശങ്കയറിയിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ കുറഞ്ഞതിൻ്റെ ഫലമായി തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങിയെന്നും, പുതിയ പദ്ധതികൾ നിലച്ച മട്ടാണെന്നും റെസ്കോൺ സിഇഒ റിച്ചാർഡ് ലിയാൽ പറഞ്ഞു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഉയർന്ന കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാവുമ്പോൾ, ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ രഹിതരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒൻ്റാറിയോയിലെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനമായി ഉയർന്നതായി ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി ഓഫീസ് ഓഫ് ഒൻ്റാറിയോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2012-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം പ്രവിശ്യയിൽ 38,000 തൊഴിലുകൾ നഷ്ടപ്പെട്ടു. ഇതിൽ 29,000-ത്തിലധികം ജോലികൾ നിർമ്മാണ മേഖലയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിർമ്മാണ തൊഴിലാളികളെ മാത്രമല്ല, പ്രോജക്ട് മാനേജ്മെൻ്റ്, പ്ലാനിംഗ് ടീമുകളിലെ ജീവനക്കാരെയും ഈ പ്രതിസന്ധി ബാധിക്കുമെന്ന് റിച്ചാർഡ് ലിയാൽ വ്യക്തമാക്കി.
കഴിഞ്ഞ കുറേ മാസങ്ങളായി ഒൻ്റാറിയോയിലെ ഭവന നിർമ്മാണ മേഖലയുടെ വളർച്ച മന്ദഗതിയിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചതായി മുനിസിപ്പൽ അഫയേഴ്സ് മന്ത്രി റോബ് ഫ്ലാക്ക് കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. അതേസമയം, ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ കുറയ്ക്കണമെന്ന് പ്രീമിയർ ഡഗ് ഫോർഡ് ആവശ്യപ്പെട്ടു. ഉയർന്ന പലിശ നിരക്കുകൾ കാരണം നിർമ്മാതാക്കൾക്ക് പുതിയ പദ്ധതികളുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്ത് നിന്നും ചെയ്യാനാവുന്ന കാര്യങ്ങൾ തങ്ങൾ ചെയ്യുന്നുണ്ടെന്നും ഫോർഡ് കൂട്ടിച്ചേർത്തു.
അതേസമയം, ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള എച്ച്എസ്ടി ഉൾപ്പെടെയുള്ള നികുതികളും ഫീസുകളും കുറയ്ക്കാൻ പ്രവിശ്യ തയ്യാറാവണമെന്ന് ലിയാൽ ആവശ്യപ്പെട്ടു. നഗരസഭകൾക്കും ഫെഡറൽ സർക്കാരിനും സമാനമായി നിർമ്മാതാക്കൾക്ക് മൂലധന ഗ്രാന്റുകൾ നൽകാൻ പ്രവിശ്യ മുന്നോട്ട് വരണമെന്ന് ഭവന നിർമ്മാണ രംഗത്തെ വിദഗ്ധൻ മാർക്ക് റിച്ചാർഡ്സൺ പറഞ്ഞു. നിലവിൽ നാം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനായി, തൊഴിലിന് സബ്സിഡി നൽകുന്ന ഒരു വലിയ പദ്ധതിക്ക് സർക്കാർ രൂപം നൽകണമെന്ന് ടൊറന്റോ സർവകലാശാലയിലെ സ്കൂൾ ഓഫ് സിറ്റീസ് ഡയറക്ടർ കാരെൻ ചാപ്പിൾ അഭിപ്രായപ്പെട്ടു.



