ഫെഡറൽ ലിബറൽ പാർട്ടി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ പ്രമേയത്തിൽ ഉൾപ്പെടുത്തിയ പുതിയ പദ്ധതിക്കനുസരിച്ച് കോൺഫെഡറേഷൻ പാലത്തിലെ നിലവിലെ $50.25 ടോൾ $20 ആയി കുറയ്ക്കും. അടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഈ വാഗ്ദാനം നടപ്പാക്കുമെന്ന് കാർണി ഉറപ്പുനൽകുന്നു. വുഡ് ഐലൻഡ്സ്–കരിബൂ, സോറിസ്–മാഗ്ദലെൻ ദ്വീപുകൾ എന്നിവിടങ്ങൾക്കിടയിലെ ഫെറി ടിക്കറ്റുകൾക്കും പകുതിവിലയ്ക്ക് യാത്ര സാധ്യമാകും.
ഇതോടൊപ്പം, ന്യൂഫൗണ്ട്ലാൻഡ്-നോവാ സ്കോഷ്യ റൂട്ടുകളിലുമുള്ള ഫെറികളുടെ ചാർജുകൾ കുറയ്ക്കുമെന്നും കാർണി വ്യക്തമാക്കി. ഇത് ഫെഡറൽ തലത്തിൽ വ്യാപാരതടസ്സങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമമാണെന്ന് ലിബറൽ പാർട്ടി വ്യക്തമാക്കുന്നു.
കാർണിയുടെ പ്രഖ്യാപനത്തിന് മുമ്പായി കൺസർവേറ്റീവ് പാർട്ടി കോൺഫെഡറേഷൻ പാലത്തിൽ നിന്നുള്ള ടോൾ പൂര്‍ണമായി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കിഴക്കൻ പിഇഐ ഫെറി സർവീസ് സംബന്ധിച്ച് അവർ വ്യക്തത നൽകിയിട്ടില്ലെന്നത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
പിഇഐയുടെ പ്രീമിയർ റോബ് ലാന്റ്സ്, ഫെറി സേവനത്തെ അവഗണിച്ചാൽ ദ്വീപിന്റെ ആകെ സമ്പദ്വ്യവസ്ഥയ്ക്ക് ഹാനികരമായതായിരിക്കും എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, വുഡ് ഐലൻഡ്സ് ഫെറി സർവീസ് കഴിഞ്ഞ കുറേ കാലമായി വിശ്വാസ്യതക്കുറവിലാണ്. 2022-ൽ എംവി ഹോളിഡേ ഐലൻഡിൽ തീപിടുത്തം സംഭവിച്ചതും, എംവി കോൺഫെഡറേഷൻ പലതവണ തകരാറിലായതും വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫെറി മാറ്റി, ഒട്ടാവ പുതിയ ബോട്ട് വാങ്ങിയത്.


