ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്വിക്കിലെ ഡോ. എവറസ്റ്റ് ചാൽമേഴ്സ് ആശുപത്രിയിൽ (DECH) തിരക്ക് നിയന്ത്രിക്കുന്നതിനായി സജ്ജീകരിച്ച താത്കാലിക ചികിത്സാ യൂണിറ്റിലെ (MTU) സൗകര്യക്കുറവിൽ കടുത്ത ആശങ്കയുമായി നഴ്സസ് യൂണിയൻ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും രോഗികൾക്ക് പരമാവധി മികച്ച സേവനം നൽകാനാണ് നഴ്സുമാർ ശ്രമിക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് പോള ഡൗസെറ്റ് വ്യക്തമാക്കി. ആശുപത്രിയിലെ ആംബുലൻസ് ബേയിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിൽ മതിയായ ശുചിമുറികളോ വെള്ളമോ ഇല്ലെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് യൂണിയന്റെ പ്രതികരണം.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 88 വയസ്സുകാരിയുടെ ദുരനുഭവം വിവരിച്ചുകൊണ്ട് അവരുടെ കൊച്ചുമകൾ കറ്റാരിന ലെക്ബോർഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തുറന്ന കത്താണ് വിഷയം ചർച്ചയാക്കിയത്. ജനലുകളോ വാതിലുകളോ ഇല്ലാത്ത, പകലും രാത്രിയും ഒരുപോലെ വെളിച്ചം നിറഞ്ഞ ഈ യൂണിറ്റിലെ സാഹചര്യം ആരോഗ്യമേഖലയുടെ പരാജയമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതായും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പ്രീമിയർ സൂസൻ ഹോൾട്ടിന്റെ ഓഫീസ് അറിയിച്ചു.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമല്ലെന്ന് പോള ഡൗസെറ്റ് പറഞ്ഞു. 1970-കളിൽ നിർമ്മിച്ച ആശുപത്രിയിൽ 2016-ൽ ആരംഭിച്ച വിപുലീകരണ പ്രവർത്തനങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. നിർമ്മാണം നടക്കുന്ന പുതിയ കെട്ടിടത്തിന്റെ ഭാഗികമായെങ്കിലും രോഗികൾക്കായി തുറന്നു നൽകണമെന്ന് ഗ്രീൻ പാർട്ടി നേതാവ് ഡേവിഡ് കൂൺ ആവശ്യപ്പെട്ടു. നിലവിൽ 13 ബെഡുകൾ മാത്രമുള്ള താത്കാലിക യൂണിറ്റിലെ ദുരവസ്ഥ ഒഴിവാക്കാൻ പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദീർഘകാല പരിചരണം ആവശ്യമുള്ള രോഗികളെ മാറ്റാൻ കഴിയാത്തതാണ് ആശുപത്രിയിലെ തിരക്കിന് പ്രധാന കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു. നിലവിൽ 35 ശതമാനം ബെഡുകളും ഇത്തരത്തിലുള്ള രോഗികളാണ് ഉപയോഗിക്കുന്നത്. ഇവരെ മറ്റ് കെയർ സെന്ററുകളിലേക്ക് മാറ്റിയാൽ മാത്രമേ ആശുപത്രിയിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകൂ എന്ന് മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. ലിസ് ബാബിൻ പറഞ്ഞു. വരും മാസങ്ങളിൽ പുതിയ സർജിക്കൽ യൂണിറ്റുകൾ പ്രവർത്തനസജ്ജമാകുമെന്നും അതോടെ നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Hospital or garage? Nurses' union raises concerns over treatment facilities at Chalmers Hospital



