കാനഡയിലെ ഇലക്ട്രിക് വാഹന (ഇവി) നിർമ്മാണ മേഖല വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഹോണ്ട പോലുള്ള പ്രമുഖ കമ്പനികൾ അവരുടെ നിക്ഷേപങ്ങൾ നിർത്തിവെക്കുന്നതോടെ ഈ മേഖലയിൽ അനിശ്ചിതത്വം വർദ്ധിക്കുന്നു. ഹോണ്ട കമ്പനി ഒന്റാറിയോയിൽ നടത്താനിരുന്ന $15 ബില്യൺ പദ്ധതി താൽക്കാലികമായി നീട്ടിവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പദ്ധതിയിൽ ബാറ്ററി നിർമ്മാണ കേന്ദ്രങ്ങളും കാനഡയിൽ തന്നെയുള്ള സപ്ലൈ ചെയിനും ഉൾപ്പെടുന്നു. ഇതുമൂലം സ്റ്റെല്ലാന്റിസ്, വോക്സ്‌വാഗൺ തുടങ്ങിയ മറ്റ് കമ്പനികളുടെ പദ്ധതികളെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്.
ഐവി ബിസിനസ് സ്കൂളിലെ വിദഗ്ധനായ ഗാൽ റാസ് അടക്കമുള്ളവർ ഈ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളായി അമേരിക്കയുടെ താരിഫുകളും കാനഡയിലെ ഇലക്ട്രിക് വാഹന വിൽപ്പനയിലുണ്ടായ ഇടിവും ചൂണ്ടിക്കാട്ടുന്നത്. സർക്കാർ റിബേറ്റുകൾ കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തതും വിൽപ്പന കുറയാൻ കാരണമായി. ക്യൂബെക്കും ബ്രിട്ടീഷ് കൊളംബിയയും ഇൻസെന്റീവുകൾ വെട്ടിക്കുറച്ചപ്പോൾ, ഒന്റാറിയോ 2018 മുതൽ റിബേറ്റുകൾ നൽകിയിട്ടില്ല.
പുതിയ വ്യവസായ മന്ത്രി മെലാനി ജോളി ഓട്ടോമൊബൈൽ കമ്പനികളുടെ സിഇഒമാരുമായി സംസാരിച്ചതായും ഒരാൾക്കും ജോലി നഷ്ട്ടമാകില്ലെന്നും കാനഡക്കാർക്ക് ഉറപ്പ് നൽകിയതായും അറിയുന്നു. ഹോണ്ട തങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ചു നിലക്കുന്നുവെന്ന് അവർ വ്യക്തമാക്കി. വിൻഡ്സറിലെ സ്റ്റെല്ലാന്റിസിന്റെ നെക്സ്റ്റ്സ്റ്റാർ എനർജി പ്ലാന്റ് ഈ വർഷം തന്നെ ഉത്പാദനം ആരംഭിക്കാൻ തയ്യാറാകുന്നുണ്ട്. സെന്റ് തോമസിലെ വോക്സ്‌വാഗണിന്റെ പവർകോ പ്ലാന്റ് 2027-ൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഈ പ്ലാന്റിൽ നിർമ്മിക്കുന്ന ബാറ്ററികൾ അമേരിക്കയിലെ വാഹന നിർമ്മാണത്തിനായിരിക്കും ഉപയോഗിക്കുക.
ട്രംപിന്റെ താരിഫ് നയങ്ങൾ പോലുള്ള അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങൾ വോക്സ്‌വാഗൺ പോലുള്ള കമ്പനികളെ അവരുടെ കാനഡയിലെ നിക്ഷേപങ്ങൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചേക്കാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇലക്ട്രിക് വാഹന മേഖല നിലനിർത്തുന്നതിന്, കാനഡ സപ്ലൈ ചെയിൻ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും പുതിയ ഉപഭോക്തൃ ഇൻസെന്റീവുകൾ അവതരിപ്പിക്കുകയും ചെയ്യണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.



