കാൽഗറി: നഗരത്തിലെ പ്രധാന പൈപ്പ് ലൈനിലുണ്ടായ വൻ തകരാറിനെത്തുടർന്ന് കാൽഗറിയിൽ ഏർപ്പെടുത്തിയ ജലനിയന്ത്രണം കുറച്ചുദിവസം കൂടി തുടരും. പുതുവർഷത്തലേന്ന് ഉണ്ടായ പൈപ്പ് തകർച്ചയെത്തുടർന്ന് നഗരസഭ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. തകരാറിലായ പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്നതിനുള്ള സങ്കീർണ്ണമായ പ്രക്രിയകൾ ഘട്ടം ഘട്ടമായി പുരോഗമിക്കുകയാണ്.
നഗരത്തിലെ 60 ശതമാനം ജലവിതരണവും നിയന്ത്രിക്കുന്ന ബിയർസ്പാവ് സൗത്ത് ഫീഡർ മെയിൻ പൈപ്പ് ലൈനിലാണ് തകരാർ സംഭവിച്ചത്. അറ്റകുറ്റപ്പണികൾക്ക് ശേഷം വ്യാഴാഴ്ച രാവിലെ ഒരു പമ്പ് കൂടി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. അവസാന പമ്പ് വെള്ളിയാഴ്ച രാവിലെ പ്രവർത്തിപ്പിച്ചു തുടങ്ങും. പൈപ്പ് ലൈനിന്റെ സ്ഥിരത ഉറപ്പാക്കിയ ശേഷം സിസ്റ്റം സാധാരണ നിലയിലാക്കാൻ ഏകദേശം 24 മണിക്കൂർ കൂടി വേണ്ടിവരുമെന്ന് നഗരസഭയുടെ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ജനറൽ മാനേജർ മൈക്കൽ തോംസൺ വ്യക്തമാക്കി.
രണ്ട് വർഷത്തിനിടയിൽ രണ്ടാം തവണയാണ് ഇതേ പൈപ്പ് ലൈനിൽ തകർച്ചയുണ്ടാകുന്നത്. മുൻകൂട്ടി മുൻകരുതലുകൾ എടുക്കുന്നതിൽ നഗര ഭരണകൂടം പരാജയപ്പെട്ടുവെന്ന് കാട്ടി രാഷ്ട്രീയ നേതൃത്വത്തിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ, പൈപ്പ് തകർച്ചയെക്കുറിച്ച് ആൽബർട്ട പ്രവിശ്യാ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ 20 വർഷത്തെ ഇതുമായി ബന്ധപ്പെട്ട രേഖകൾ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ നഗരസഭയോട് സർക്കാർ ആവശ്യപ്പെട്ടു.
ജലവിതരണം പൂർണ്ണമായി പുനഃസ്ഥാപിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരാനാണ് നഗരസഭയുടെ തീരുമാനം. പൈപ്പിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നത് അതീവ ശ്രദ്ധയോടെയായിരിക്കും. നിലവിൽ അറ്റകുറ്റപ്പണികളുടെ രണ്ട് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായിട്ടുണ്ട്. ഓരോ ഘട്ടത്തിലും പൈപ്പിന്റെ സ്ഥിരത നിരീക്ഷിച്ച ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. നഗരവാസികൾ ജലഉപയോഗത്തിൽ തുടർന്നും മിതത്വം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
completed-two-phases-calgarys-catastrophic-water-main-repair-nearing-completion
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



