കാനഡയിലെ സാസ്കച്ചുവാനിൽ തീപിടുത്തത്തിന്റെ നഷ്ടങ്ങൾക്ക് ഇരയായവർക്ക് സർക്കാർ ധനസഹായം ഇരട്ടിയാക്കിയിട്ടുണ്ട്. തണുത്ത കാലാവസ്ഥയും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റവും തീവ്രത കുറയ്ക്കാൻ സഹായിച്ചെങ്കിലും, ഇപ്പോഴും 24 തീപിടിത്തങ്ങൾ സജീവമാണ്. സംസ്ഥാനത്ത് ഇതുവരെ 251 അഗ്നിബാധകളും 36 കമ്യൂണിറ്റികളിൽ നിന്നുള്ള ഒഴിപ്പിക്കലുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ സർക്കാർ തീരുമാനം അനുസരിച്ച്, തീപിടുത്തതിനെ തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട കുടുംബങ്ങളിലെ മുതിർന്നവർക്ക് പ്രതിദിനം 20 ഡോളറിൽ നിന്ന് 40 ഡോളറായും, മറ്റ് അംഗങ്ങൾക്ക് 10 ഡോളറിൽ നിന്ന് 20 ഡോളറായും ധനസഹായം വർദ്ധിപ്പിച്ചു. ഒരു കുടുംബത്തിന് പ്രതിദിനം പരമാവധി 200 ഡോളർ വരെ സഹായം ലഭിക്കും. സംസ്ഥാന പബ്ലിക് സേഫ്റ്റി ഏജൻസിയുടെ പത്രസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടന്നത്.
സംസ്ഥാന പബ്ലിക് സേഫ്റ്റി ഏജൻസി പ്രസിഡന്റ് മാർലോ പ്രിറ്റ്ചാർഡ് പറയുന്നതനുസരിച്ച്, തണുത്ത കാലാവസ്ഥയും കാറ്റിന്റെ ഗതിമാറ്റവും തീപിടിത്തങ്ങളുടെ വ്യാപനം തടയാൻ ഗണ്യമായി സഹായിച്ചു.
കൂടാതെ, നിരവധി തീപിടിത്തങ്ങൾ തടാകങ്ങളിലേക്ക് വ്യാപിച്ചത് അവയുടെ വളർച്ച പരിമിതപ്പെടുത്താനും സഹായകമായി. എന്നിരുന്നാലും, ലോറർ ഫിഷിങ് ലേക്ക്, ലാ റോഞ്ച്, മിസിനിപെ, ഡെനെയർ ബീച്ച്, പെലിക്കൻ നാരോസ്, ക്രെയ്റ്റൺ, വെയാക്വിൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഇപ്പോഴും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനം ജൂൺ 29 വരെ നീട്ടിയിട്ടുണ്ട്. സർക്കാർ സഹായ പദ്ധതി പൊതുവെ സ്വാഗതാർഹമാണെങ്കിലും, പ്രായോഗിക തലത്തിൽ ചില പ്രശ്നങ്ങൾ നേരിടുന്നതായി ബാധിതർ ചൂണ്ടിക്കാട്ടുന്നു.
ലാ റോഞ്ചിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ലിൻഡ കൗൺ, ഭക്ഷണ കൂപ്പണുകൾ ദിവസേന വ്യക്തിഗതമായി ലഭിക്കുന്നതിലെ ബുദ്ധിമുട്ട് പങ്കുവെച്ചു. ഇലക്ട്രോണിക് പണമിടപാട് സംവിധാനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടും പലരും ഉന്നയിച്ചിട്ടുണ്ട്. ആൽബർട്ട, മാനിറ്റോബ സംസ്ഥാനങ്ങളിലേത് പോലെ ഇലക്ട്രോണിക് പണമിടപാട് സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന എൻഡിപി നേതാവ് കാർലാ ബെക്ക് ആവശ്യപ്പെട്ടു. ഈ നിർദ്ദേശത്തെക്കുറിച്ച് ആലോചിക്കാമെന്ന് പ്രസിഡന്റ് പ്രിറ്റ്ചാർഡ് സൂചന നൽകിയിട്ടുണ്ട്.



