ഇൽഡെർട്ടണിലെ പോപ്ലാർ ഹിൽ പാർക്കിൽ ഇപ്പോൾ ഒരു പുതിയ കാഴ്ചയുണ്ട്. സാധാരണ ഊഞ്ഞാലുകൾക്കൊപ്പം വീൽചെയറിൽ ഇരിക്കുന്നവർക്കായി പ്രത്യേകമായി നിർമ്മിച്ച ഒരു ഊഞ്ഞാൽ. ‘വീൽചെയർ സ്വിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഊഞ്ഞാൽ ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് പിന്നിൽ റിക്ക് കാസിൽ എന്ന മനുഷ്യൻ്റെ വലിയ പരിശ്രമമുണ്ട്.
വർഷങ്ങൾക്കു മുൻപ് ഒരു ദിവസം റിക്ക് ഒരു കാഴ്ച കണ്ടു. ഒരു മുത്തശ്ശി തൻ്റെ കൊച്ചുമകനെ വീൽചെയറിൽ നിന്ന് എടുത്ത് സാധാരണ ഊഞ്ഞാലിൽ ഇരുത്താൻ വളരെ ബുദ്ധിമുട്ടുന്നു. ആ കാഴ്ചയാണ് റിക്കിൻ്റെ മനസ്സിൽ ഈ ആശയം കൊണ്ടുവന്നത്. വീൽചെയറിൽ ഇരിക്കുന്നവർക്കും സ്വന്തമായി ഊഞ്ഞാലിൽ ആടാൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാകണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. ആ സ്വപ്നം പൂർത്തിയാക്കാൻ റിക്കിന് ഏകദേശം 18 മാസത്തോളം കഷ്ടപ്പെടേണ്ടി വന്നു.

ബോട്ടിലുകളും ടിന്നുകളും ശേഖരിച്ചും ഓൺലൈൻ വഴിയും അദ്ദേഹം പണം സ്വരൂപിച്ചു. അങ്ങനെ 88,000 ഡോളർ എന്ന വലിയ തുക അദ്ദേഹം കണ്ടെത്തി. ഒടുവിൽ ആ സ്വപ്നം പൂവണിഞ്ഞു. വീൽചെയർ സ്വിംഗിന്റെ ഉദ്ഘാടനച്ചടങ്ങിൽ 18 വയസ്സുള്ള ഒലീവിയ മക്കിൻ്റോഷ് എന്ന പെൺകുട്ടി ഈ ഊഞ്ഞാലിൽ ഇരുന്ന് ആടിയപ്പോൾ റിക്കിന്റെ കണ്ണുകൾ നിറഞ്ഞു. സെറിബ്രൽ പാൾസി എന്ന രോഗം കാരണം ഒലീവിയക്ക് സ്വന്തമായി നടക്കാൻ പ്രയാസമുണ്ട്.
നേരത്തെ സാധാരണ ഊഞ്ഞാലിൽ കയറാൻ ഒലീവിയയെ അവരുടെ അമ്മ ഉയർത്തി എടുക്കേണ്ടി വരുമായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ഊഞ്ഞാൽ വന്നതോടെ വീൽചെയറിൽ ഇരുന്ന് തന്നെ ഊഞ്ഞാലിൽ പോകാം. ഒലീവിയയുടെ അമ്മ പറയുന്നു, “ഞങ്ങൾക്കും പ്രായമാകും, അപ്പോൾ അവളെ ഉയർത്താൻ ബുദ്ധിമുട്ടാണ്. ഈ ഊഞ്ഞാൽ ഞങ്ങളുടെ ജീവിതം എളുപ്പമാക്കി.”
ഈ ഊഞ്ഞാൽ പോപ്ലാർ ഹിൽ പാർക്കിന് സമീപമുള്ളവർക്ക് മാത്രമല്ല, ദൂരെ സ്ഥലങ്ങളിലുള്ളവർക്കും വലിയ സന്തോഷം നൽകുന്നു. 48 വയസ്സുള്ള മകൾ ടാമിയുമായി സ്ട്രാത്രോയിയിൽ നിന്ന് വന്ന ബ്രെൻഡ മക്ക്ലിയോഡ് പറയുന്നത്, “ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപകാരപ്പെടും. ടാമിക്ക് ഇനി കൂട്ടുകാരുമായി ഇവിടെ വന്ന് കളിക്കാം.”

ഈ പദ്ധതി പൂർത്തിയാക്കാൻ ലയൺസ് ക്ലബ്ബിന് പുറമെ പ്രദേശത്തെ മുനിസിപ്പാലിറ്റിയും പിന്തുണ നൽകി. മേയറായ ഐന ദേവിയറ്റ് ഈ സംരംഭത്തെ പ്രശംസിച്ചു. എല്ലാവർക്കും സമൂഹത്തിൽ തുല്യ അവസരം ലഭിക്കണമെന്ന് അവർ പറഞ്ഞു. ഇത് വെറും ഒരു ഊഞ്ഞാലല്ല, മറിച്ച് സമൂഹത്തിൻ്റെ സ്നേഹത്തിൻ്റെയും കരുതലിന്റെയും പ്രതീകമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ഈ പദ്ധതിക്ക് വേണ്ടി റിക്ക് കാസിൽ ചെയ്ത പ്രയത്നം എല്ലാവർക്കും ഒരു മാതൃകയാണ്. അദ്ദേഹം പറയുന്നു, “ഞാനിത് ചെയ്തതിൽ സന്തോഷമുണ്ട്. ഈ പ്രദേശത്തെ ഏക വീൽചെയർ സ്വിംഗ് ഇതാണ്. വിൻഡ്‌സറിൽ നിന്നുള്ള ആളുകൾ പോലും അവരുടെ കുട്ടികളുമായി ഇത് ഉപയോഗിക്കാൻ ഇവിടെ എത്തുന്നുണ്ട്. ഇത് ഒരു വലിയ ദിവസമാണ് തനിക്കെന്നും. ഇങ്ങനെയുള്ള മറ്റൊരു നല്ല കാര്യത്തിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Community care: Even those in wheelchairs can now enjoy swinging
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



