പാരീസ്: നാം കഴിക്കുന്ന ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകൾ അർബുദത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ചിലെ ഗവേഷകർ നടത്തിയ രണ്ട് വ്യത്യസ്ത പഠനങ്ങളിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ഏകദേശം ഒന്നര പതിറ്റാണ്ടോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.
സാധാരണയായി സുരക്ഷിതമെന്ന് വിശ്വസിക്കപ്പെടുന്ന പല രാസവസ്തുക്കളും മാരകമായ രോഗസാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം കണ്ടെത്തി. സംസ്‌കരിച്ച മാംസങ്ങളിൽ നിറം നിലനിർത്താനും കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കുന്ന സോഡിയം നൈട്രേറ്റ് പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത 32 ശതമാനത്തോളം വർദ്ധിപ്പിക്കുന്നു. ഇതിന് സമാനമായ പൊട്ടാസ്യം നൈട്രേറ്റ് സ്തനാർബുദ സാധ്യത 22 ശതമാനവും വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. വൈൻ, ചീസ്, ബേക്ക് ചെയ്ത ആഹാരപദാർത്ഥങ്ങൾ എന്നിവയിൽ പൂപ്പൽ തടയാൻ ഉപയോഗിക്കുന്ന സോർബേറ്റുകൾ സ്തനാർബുദത്തിന് പുറമെ മറ്റ് പല അർബുദങ്ങൾക്കും കാരണമായേക്കാം.
അർബുദത്തിന് പുറമെ ടൈപ്പ് 2 പ്രമേഹവുമായും ഈ പ്രിസർവേറ്റീവുകൾക്ക് അടുത്ത ബന്ധമുണ്ടെന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നു. പഠനവിധേയമാക്കിയ 17 പ്രിസർവേറ്റീവുകളിൽ 12 എണ്ണവും പ്രമേഹ സാധ്യത 50 ശതമാനത്തോളം വർദ്ധിപ്പിക്കുന്നവയാണ്. പൊട്ടാസ്യം സോർബേറ്റ്, സോഡിയം നൈട്രേറ്റ്, അസറ്റിക് ആസിഡ് എന്നിവ ഇതിൽ പ്രധാന വില്ലന്മാരാണ്. സോഡകളിലും മറ്റും ഉപയോഗിക്കുന്ന സിട്രിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് എന്നിവയും പ്രമേഹ സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നാം ആരോഗ്യപ്രദമെന്ന് കരുതുന്ന വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയവ പ്രിസർവേറ്റീവുകളായി കൃത്രിമമായി ചേർക്കുമ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷണരീതിയും ആരോഗ്യവിവരങ്ങളും കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും നേരിട്ട് കഴിക്കുമ്പോൾ ലഭിക്കുന്ന പ്രകൃതിദത്തമായ ഗുണങ്ങൾ അവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾ പ്രിസർവേറ്റീവുകളായി ഉപയോഗിക്കുമ്പോൾ ലഭിക്കില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മാഥിൽഡെ തുവിയർ പറഞ്ഞു. സംസ്‌കരിച്ച ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കി പ്രകൃതിദത്തവും പുതുമയുള്ളതുമായ ഭക്ഷണരീതി പിന്തുടരുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉചിതം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Common food preservatives linked to cancer and type 2 diabetes



