മിസിസാഗയിൽ ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഏഴ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കാൽനടയാത്രക്കാരെ രണ്ട് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ 40 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. 20 വയസ്സ് തോന്നിക്കുന്ന മറ്റൊരു കാൽനടയാത്രക്കാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കാറുകൾ കൂട്ടിയിടിച്ചതായും പൊലീസ് അറിയിച്ചു. റോഡരികിൽ നിന്നിരുന്ന കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഒരു വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രണ്ട് കാറുകളിലും ഒന്നിലധികം യാത്രക്കാർ ഉണ്ടായിരുന്നു. രണ്ട് വാഹനങ്ങളിലെയും ആറ് പേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



