നോവ സ്കോഷ്യ: നോവ സ്കോഷ്യയിലെ ഈസ്റ്റേൺ ഷോർ മേഖല പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി നാറ്റലി ഫ്രെഡറിക്-വിൽസൺ രചിച്ച ‘അഡ്വഞ്ചർ ഈസ് ഫോർ എവരിവൺ’ എന്ന പുസ്തകം പുറത്തിറങ്ങി. വ്യക്തികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ രീതിയിൽ തയ്യാറാക്കിയ ഈ ഗൈഡ്, ഒരു യാത്രാ വിവരണത്തിനപ്പുറം വായനക്കാർക്ക് സ്വന്തം ഓർമ്മകൾ രേഖപ്പെടുത്താൻ സാധിക്കുന്ന ഡയറിയായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നോവ സ്കോഷ്യയിലെ വിസ്മരിക്കപ്പെട്ട തീരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈസ്റ്റേൺ ഷോറിലെ കാഴ്ചകളെ അടുത്തറിയാനാണ് പുസ്തകം പ്രധാനമായും ലക്ഷ്യമിടുന്നത്.
തന്റെ കുടുംബത്തിന്റെ യാത്രകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്ന നാറ്റലി, ഫോളോവേഴ്സിന്റെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്നാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കി. 2019 മുതൽ ഈസ്റ്റേൺ ഷോർ മേഖലയിൽ നടത്തിയ യാത്രകളിൽ പകർത്തിയ ചിത്രങ്ങളും അനുഭവങ്ങളും പുസ്തകത്തിലുണ്ട്. പ്ലാനിംഗ് വിഭാഗം കൂടി ഉൾപ്പെടുത്തിയതിനാൽ മുൻപരിചയമില്ലാത്തവർക്കും ഈ യാത്രകൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ സാധിക്കുമെന്ന് ഗ്രന്ഥകാരി അറിയിച്ചു.
യാത്ര ചെയ്യാൻ സാധിക്കാത്തവർക്കായി ക്യു.ആർ കോഡുകൾ വഴിയുള്ള ഡിജിറ്റൽ കാഴ്ചകളും പുസ്തകത്തിൽ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാവുന്ന വിനോദസഞ്ചാര സാധ്യതകൾക്കാണ് ഇതിൽ മുൻഗണന നൽകിയിരിക്കുന്നത്. ആർട്ട് ഗാലറി ഓഫ് നോവ നോവ സ്കോഷ്യ, ബ്ലാക്ക് കൾച്ചറൽ സെന്റർ എന്നിവിടങ്ങളിൽ പുസ്തകം ലഭ്യമാണ്. വൈകാതെ കനേഡിയൻ മ്യൂസിയം ഓഫ് ഇമിഗ്രേഷനിലും ‘വാണ്ടറിംഗ് വിൽസൺസ്’ വെബ്‌സൈറ്റിലും പുസ്തകം ലഭ്യമാകുമെന്ന് അറിയിപ്പുണ്ട്.
പ്രവിശ്യയിലെ മറ്റ് നാല് പ്രധാന മേഖലകളെ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ കൂടുതൽ യാത്രാ ഗൈഡുകൾ പ്രസിദ്ധീകരിക്കാൻ പദ്ധതിയുണ്ടെന്ന് നാറ്റലി ഫ്രെഡറിക്-വിൽസൺ വ്യക്തമാക്കി. ഇതിനാവശ്യമായ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞതായും പുസ്തകങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. വായനക്കാർ സ്വന്തം അനുഭവങ്ങൾ എഴുതിച്ചേർക്കുന്നതിലൂടെ ഈ പുസ്തകം ഓരോരുത്തരുടെയും വ്യക്തിഗത യാത്രാരേഖയായി മാറുമെന്ന് അവർ വിലയിരുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Coastal trips in Nova Scotia will now be easier; Natalie Frederick Wilson’s ‘Adventure is for Everyone’ released



