തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിൽ ‘ചെറ്റത്തരം’ എന്ന പദപ്രയോഗം വീണ്ടും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങൾക്കില്ലെന്നും എന്നാൽ പ്രതിപക്ഷത്തിന്റെ സ്ഥിതി അതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അസംബന്ധങ്ങൾ പറയാൻ മടിയില്ലാത്തയാളാണെന്നും ആർഎസ്എസിന് സംരക്ഷണം നൽകിയ ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും പഴയ കോലീബി സഖ്യം ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിവാദ പരാമർശങ്ങളെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. അപരമത വിദ്വേഷം വളർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഓരോ മണ്ഡലത്തിലും ഓരോ മതവിഭാഗങ്ങളെ മത്സരിപ്പിക്കണമെന്ന് പറയുന്നത് വിഘടനവാദമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ ആർഎസ്എസ് നടപ്പിലാക്കുന്ന ഇത്തരം രീതികൾ കേരളത്തിൽ വിലപ്പോകില്ല. കഴിഞ്ഞ പത്ത് വർഷമായി വർഗീയ കലാപങ്ങളില്ലാത്ത കേരളത്തിൽ ഒരു വർഗീയതയോടും വിട്ടുവീഴ്ച ചെയ്യാത്ത നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിലോ മറ്റ് മണ്ഡലങ്ങളിലോ എൽഡിഎഫിന് ഒരു പോറലും ഏൽക്കില്ലെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുത്സിത നീക്കങ്ങൾക്കൊന്നും ഇടതുപക്ഷത്തിന്റെ വിജയം തടയാനാവില്ലെന്നും ഗുരുവായൂരിലെ ജനങ്ങൾ വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
CM pinarayi vijayan against congress and bjp



