തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ ഉടലെടുത്ത സംവാദ വിവാദം പുതിയ തലത്തിലേക്ക്. പ്രതിപക്ഷ നേതാവുമായി നേരിട്ടുള്ള സംവാദത്തിനില്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് താൻ ക്ഷണിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ, മുഖ്യമന്ത്രിയുടെ ഈ വിശദീകരണം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, വെല്ലുവിളി ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വീണ്ടും രംഗത്തെത്തിയതോടെ രാഷ്ട്രീയപ്പോര് മുറുകുകയാണ്.
സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ് 24 മണിക്കൂർ കഴിഞ്ഞിട്ടും സമയവും സ്ഥലവും തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അത് ശ്രദ്ധിക്കുമല്ലോ എന്നുമാണ് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. സംവാദത്തിന് തയ്യാറാണെന്ന് ഇന്നലെ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംവാദത്തിന്റെ സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്നും പറയുന്നിടത്ത് താൻ എത്തിക്കൊള്ളാമെന്നും സതീശൻ മറുപടി നൽകിയത്. എന്നാൽ താൻ ഉദ്ദേശിച്ചത് നേരിട്ടുള്ള സംവാദമല്ലെന്ന വിശദീകരണമാണ് ഇന്ന് മുഖ്യമന്ത്രി നടത്തിയത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് സംവാദവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമാകുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സംവാദത്തിന് ആദ്യം വെല്ലുവിളിയുമായി രംഗത്തെത്തിയത്. ഇതിന് മറുപടിയെന്നോണം ഇടതുപക്ഷ സർക്കാരിന്റെ വികസന മുന്നേറ്റങ്ങൾ വ്യക്തമാക്കുന്ന ‘പ്രോഗ്രസ് റിപ്പോർട്ട്’ (റിപ്പോർട്ട് കാർഡ്) പങ്കുവെച്ചുകൊണ്ട്, ഇതിൻമേൽ സംവാദമാകാമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി.
താൻ ഫേസ്ബുക്കിലൂടെ ഉയർത്തിയ സംവാദത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് ഒളിച്ചോടുകയാണെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. എന്നാൽ നേരിട്ടുള്ള സംവാദത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറുകയാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. വരും ദിവസങ്ങളിൽ ഇരു നേതാക്കളും തമ്മിലുള്ള ഈ വാക്പോര് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വേദികളിലും കൂടുതൽ ചർച്ചകൾക്ക് വഴിമാറുമെന്നുറപ്പാണ്. ജനങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ സംവാദ വെല്ലുവിളി എങ്ങോട്ട് തിരിയുമെന്നത് വരും മണിക്കൂറുകളിൽ വ്യക്തമാകും.
cm-pinarayi-back-off-from-public-debate-says-invitation-was-for-debate-via-facebook-vd-satheesan
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




