വാഷിംഗ്ടൺ: പ്രപഞ്ചത്തിന്റെ ഘടനയെ നിർണ്ണയിക്കുന്ന അദൃശ്യ പദാർത്ഥമായ ‘ഡാർക്ക് മാറ്ററിനെ’ (Dark matter) കുറിച്ച് പുതിയ അറിവുകൾ നൽകാൻ സഹായിക്കുന്ന ‘ക്ലൗഡ്-9’ (Cloud-9) എന്ന അപൂർവ്വ വസ്തുവിനെ അസ്ട്രോണമേർസ് കണ്ടെത്തി. ഭൂമിയിൽ നിന്ന് ഏകദേശം 1.4 കോടി പ്രകാശവർഷം അകലെയുള്ള ഈ പ്രതിഭാസം, നക്ഷത്രരൂപീകരണം നടക്കാതെ പോയ ‘Failed galaxy’ ആണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഹബിൾ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് ഇതിൽ നക്ഷത്രങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചത്.
പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ 85 ശതമാനവും ഡാർക്ക് മാറ്റർ ആണെന്നാണ് കരുതപ്പെടുന്നത്. പ്രകാശത്തെ പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ ഇവയെ നേരിട്ട് നിരീക്ഷിക്കുക അസാധ്യമാണ്. ക്ലൗഡ്-9-ൽ നക്ഷത്രങ്ങൾ ഇല്ലാത്തതിനാൽ, അവയിൽ നിന്നുള്ള തിളക്കം പഠനങ്ങളെ ബാധിക്കില്ല. അതിനാൽ ഡാർക്ക് മാറ്ററിന്റെ സവിശേഷതകൾ കൃത്യമായി നിരീക്ഷിക്കാൻ ശാസ്ത്രലോകത്തിന് ഇതിലൂടെ സാധിക്കും. ബാൾട്ടിമോറിലെ സ്പേസ് ടെലിസ്കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആൻഡ്രൂ ഫോക്സ് ഈ കണ്ടെത്തലിനെ ‘ഇരുണ്ട പ്രപഞ്ചത്തിലേക്കുള്ള ജാലകം’ എന്നാണ് വിശേഷിപ്പിച്ചത്.
മെസ്സിയർ 94 (Messier 94) എന്ന ഗാലക്സിക്ക് സമീപമായാണ് ക്ലൗഡ്-9 സ്ഥിതി ചെയ്യുന്നത്. ഹൈഡ്രജൻ വാതകങ്ങളാൽ സമ്പന്നമാണെങ്കിലും, ഒരു ഗാലക്സിയായി മാറുന്നതിനും നക്ഷത്രങ്ങൾ രൂപപ്പെടുന്നതിനും ആവശ്യമായ മാസ്സ് ഇതിനില്ലെന്ന് ഗവേഷകർ വ്യക്തമാക്കി. ചൈനയിലെ ‘ഫാസ്റ്റ്’ (FAST) ടെലിസ്കോപ്പ് മൂന്ന് വർഷം മുൻപ് കണ്ടെത്തിയ ഈ വാതക മേഘത്തിൽ നക്ഷത്രങ്ങളില്ലെന്ന് ഹബിൾ ടെലിസ്കോപ്പിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.
ഏകദേശം 4,900 പ്രകാശവർഷം വ്യാസമുള്ള ഈ വാതകക്കൂട്ടത്തെ നിലനിർത്തുന്നത് ഇതിലെ അതിശക്തമായ ഡാർക്ക് മാറ്റർ ആണെന്ന് ഗവേഷകർ കണ്ടെത്തി. സൂര്യന്റെ മാസിന്റെ പത്തുലക്ഷം ഇരട്ടി ഹൈഡ്രജൻ വാതകവും 500 കോടി ഇരട്ടി ഡാർക്ക് മാറ്ററും ഇതിലുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രപഞ്ചത്തിന്റെ പ്രാരംഭ ദശയിലുണ്ടായ ഗാലക്സി രൂപീകരണത്തിന്റെ അവശിഷ്ടമായിരിക്കാം ക്ലൗഡ്-9 എന്ന് ‘ദ അസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ’ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു.
ഭാവിയിൽ കൂടുതൽ മാസ്സ് കൈവരിക്കുകയാണെങ്കിൽ ക്ലൗഡ്-9 ഒരു ഗാലക്സിയായി മാറിയേക്കാം. എന്നാൽ അയൽ ഗാലക്സിയായ മെസ്സിയർ 94-ന്റെ ഗുരുത്വാകർഷണഫലമായി ഇതിലെ വാതകങ്ങൾ നഷ്ടപ്പെട്ട് ഈ പ്രതിഭാസം ഇല്ലാതാകാനും സാധ്യതയുണ്ട്. ഡാർക്ക് മാറ്ററിന്റെ സ്വഭാവം, ഗാലക്സികളുടെ പരിണാമം എന്നിവയെക്കുറിച്ചുള്ള നിലവിലെ സിദ്ധാന്തങ്ങളെ ഉറപ്പിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Cloud-9’ sheds light on the mysteries of the universe; The scientific world is searching for the secrets of dark matter



