അമേരിക്കൻ ഐക്യനാടുകളിലെ നിരവധി സ്കൂളുകളിൽ അരാജകത്വം സൃഷ്ടിച്ച “ക്രോമ്ബുക്ക് ചാലഞ്ച്” എന്നറിയപ്പെടുന്ന അപകടകരമായ സോഷ്യൽ മീഡിയ ട്രെൻഡ് ഇപ്പോൾ കനേഡിയൻ സ്കൂളുകളിലും എത്തിയിരിക്കുകയാണ്. സ്കൂൾ നൽകിയ ലാപ്ടോപ്പുകളുടെ ചാർജിംഗ് പോർട്ടുകളിലോ കീബോർഡിന്റെ കീകള്ക്ക് അടിയിലോ ബാറ്ററിയുടെ സമീപത്തോ പേപ്പർ ക്ലിപ്പ്, സ്റ്റേപ്പിൾസ്, മെക്കാനിക്കൽ പെൻസിൽ തുടങ്ങിയ വസ്തുക്കൾ കയറ്റി ഉപകരണം തകരാൻ ശ്രമിക്കുന്നതാണ് ഈ വെല്ലുവിളിയുടെ മുഖ്യഭാഗം. ഇത് കുറച്ച് സമയത്തിനുള്ളിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കുകയോ തീ പിടിപ്പിക്കുകയോ ചെയ്യാം.
ഈ പ്രവണതയെ “അത്യന്തം നിരാശാജനകവും അങ്ങേയറ്റം അപകടകരവുമാണ് ഈ പ്രവർത്തികൾ എന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്മെന്റിന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കരോൾ ഹെങ്കെ അഭിപ്രായപ്പെട്ടത്. “ഇത് വെറും നാശനഷ്ടങ്ങൾ വരുത്തുക മാത്രമല്ല, മറിച്ച് ആളുകളെ അപകടത്തിലാക്കുന്നതാണ്” എന്ന് അവർ മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികൾ ഇത്തരം സംഭവങ്ങൾ വീഡിയോയായി പകർത്തി ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിടുന്നുണ്ട്.
മീഡിയ സ്ട്രാറ്റജിസ്റ്റ് ആദം റോഡ്രിക്സിന്റെ അഭിപ്രായത്തിൽ, സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന യുവാക്കളുടെ പ്രധാന ലക്ഷ്യം ശ്രദ്ധയും അംഗീകാരവും നേടുകയാണ്. സമപ്രായക്കാരുടെ സമ്മർദ്ദത്തിനും സാമൂഹിക അനുകൂല്യത്തിനും വേണ്ടി പലരും ഇത്തരം അപകടകരമായ ട്രെൻഡുകളിൽ ഏർപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷനിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, കാൽഗറി കാത്തലിക് സ്കൂൾ ഡിസ്ട്രിക്റ്റിലൊരു ഹൈസ്കൂളിൽ ഇങ്ങനെ ഒരു സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. എഡ്മണ്ടൻ പബ്ലിക് സ്കൂൾ ബോർഡ് നാല് സംഭവങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ലിഥിയം-അയൺ ബാറ്ററികൾ കേടുപാടുകൾ സംഭവിക്കുകയോ തെറ്റായി ഉപയോഗിക്കുകയോ ചെയ്താൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഹെങ്കെ ഗുരുതരമായ മുന്നറിയിപ്പ് നൽകി. “ഇവ തെർമൽ റൺഅവേയിലേക്ക് പോയാൽ പൊട്ടിത്തെറിക്കാം. കൂടാതെ ഇത് അത്യന്തം വിഷലിപ്തമായ പുക സൃഷ്ടിക്കുന്നു. ഇത് വളരെയധികം അപകടകരമാണ്” എന്ന് അവർ വ്യക്തമാക്കി. ടിക്ടോക്ക് കമ്പനി ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നും അപകടകരമായ പ്രവർത്തനങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള നയം ലംഘിക്കുന്ന ഉള്ളടക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.



